വോട്ടുകച്ചവടത്തിൽ പ്രാവീണ്യം നേടിയവർ സമർഥമായി കരുക്കൾ നീക്കുന്നു -പിണറായി വിജയൻ
text_fieldsതൃശൂർ: വോട്ടുകച്ചവടത്തിൽ പ്രാവീണ്യം നേടിയവർ സമർഥമായി കരുക്കൾ നീക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ വിദ്യാർഥി കോർണറിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഇതിനായുള്ള അണിയറ നീക്കം സജീവമാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലെ അതിർവരമ്പ് നേർത്ത് വരുകയാണ്. ഇന്ന് കോൺഗ്രസ് ആയി ജയിച്ചുവന്നാൽ അവർ നാളെ കോൺഗ്രസ് ആയി നിൽക്കും എന്ന് ആർക്കും ഉറപ്പു പറയാനാവില്ല. 35 സീറ്റ് കിട്ടിയാൽ സർക്കാർ രൂപവത്കരിക്കുമെന്ന് ഒരു ബി.ജെ.പി നേതാവ് പറയുന്നു. ബാക്കി സീറ്റുകൾ കോൺഗ്രസിൽ നിന്ന് വരും എന്നാണ് അയാൾ അർഥമാക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിക്ക് സഹായം ചെയ്തുകൊടുത്തവരാണെന്ന് ബി.ജെ.പി നേതാവ് രാജഗോപാൽ പറഞ്ഞില്ലേ. പ്രാേദശികമായി ഇനിയും നീക്കുപോക്ക് ഉണ്ടായേക്കാമെന്നും പറഞ്ഞല്ലോ. ഇപ്പോഴും കോൺഗ്രസിന് ആ നിലപാട് സ്വീകരിക്കാൻ മടിയൊന്നുമില്ല. എക്കാലത്തും കേരളത്തിലെ കോൺഗ്രസ്, ബി.ജെ.പിയെ തടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം ഒരുകാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ഇടതുപക്ഷ സ്ഥാനാർഥികളായ പി. ബാലചന്ദ്രൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സി.സി. മുകുന്ദൻ, കെ. രാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.