നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമെന്ന് വി.ഡി. സതീശൻ; ‘സുധാകരനെതിരായ ബ്രേക്കിങ് ന്യൂസ് തന്റെ കൈയില്‍ നിന്നും കിട്ടില്ല’
text_fieldsന്യൂഡല്‍ഹി: നാളെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മിഷന്‍ 26ലേക്ക് കോണ്‍ഗ്രസ് കടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കോണ്‍ഗ്രസും യു.ഡി.എഫും കടന്നിരിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് അടുത്ത രണ്ടു മാസത്തെ സമര പരമ്പരകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുമായി മുന്നോട്ട് പോകുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കെ. സുധാകരനെതിരായ ബ്രേക്കിങ് ന്യൂസ് തന്റെ കൈയില്‍ നിന്നും മാധ്യമങ്ങൾക്ക് കിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെ നോതാക്കളുടെയും യോഗം എ.ഐ.സി.സി വിളിച്ച് കൂട്ടുന്നുണ്ട്. അതിന്റെ ഭാഗമാണ് കേരളത്തിന്റെ യോഗവും. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയാറെടുപ്പിന് ദിശാബോധം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ദേശീയ നേതൃത്വം നല്‍കും. ഒന്നിച്ച് ഒരു ടീം ആയി പോകുന്നതിനുള്ള പ്രചോദനമായി യോഗം മാറും. നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
മാധ്യമങ്ങള്‍ തന്നെ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുമെന്ന് വാര്‍ത്ത നല്‍കി അന്നു രാത്രി അത് ചര്‍ച്ച ചെയ്യും. പിറ്റേ ദിവസം കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്ന് വാര്‍ത്ത നല്‍കി ചര്‍ച്ച ചെയ്യും. എന്നിട്ട് ഞങ്ങളോട് എന്താണ് അഭിപ്രായമെന്ന് ചോദിക്കും. അങ്ങനെ ഒരു ചര്‍ച്ചയും കേരളത്തില്‍ നടക്കുന്നില്ല. അങ്ങനെ ഒരു തീരുമാനം ഉണ്ടെങ്കില്‍ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കേന്ദ്ര നേതൃത്വം ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. നിലവില്‍ കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്ന ചര്‍ച്ചയില്ല. ഇത്രയും ആളുകളെ ഡല്‍ഹിക്ക് വിളിച്ചല്ല ഇത്തരം ചര്‍ച്ച നടത്തുന്നത്.
ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് മാധ്യമങ്ങളുടെ തന്നെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. ഇത്രയും ആളുകളെ വിളിച്ചിട്ടാണോ നേതൃമാറ്റം ചര്‍ച്ച ചെയ്യുന്നത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ എല്ലാ ദിവസവും വാര്‍ത്ത കൊടുക്കുന്നത്. നിങ്ങള്‍ വാര്‍ത്ത കൊടുത്തതു കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന് അയച്ച കത്തിനെ കുറിച്ച് ഞാന്‍ എങ്ങനെയാണ് അഭിപ്രായം പറയുന്നത്. നിങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതു പോലെ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാനാകില്ല.
കേരളത്തില്‍ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. ബൂത്തില്‍ ആളില്ലാത്ത അവസ്ഥ എവിടെയുമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തമാണ്. കോണ്‍ഗ്രസിന് ഇരിക്കാന്‍ അളില്ലാത്ത ഒരു ബൂത്ത് പോലും കേരളത്തിലില്ല. 5 ഉപതെരഞ്ഞെടുപ്പുകളില്‍ നാലിലും പ്രതിപക്ഷത്ത് ഇരുന്ന് കൊണ്ട് യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കുന്നത്. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനും പാലക്കാട് ഷാഫി വിജയിച്ചതിന്റെ അഞ്ചിരട്ടി ഭൂരിപക്ഷത്തിനും പ്രയങ്ക ഗാന്ധി ഉജ്ജ്വലമായ ഭൂരിപക്ഷത്തിനും വിജയിച്ചു.
ചേലക്കരയില്‍ നാല്‍പ്പതിനായിരമായിരുന്ന എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം പന്ത്രാണ്ടായിരമാക്കി കുറച്ചു. എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. എല്‍.ഡി.എഫിന് എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും സീറ്റ് കുറഞ്ഞു. ഇതൊക്കെ കോണ്‍ഗ്രസിന് ബൂത്തില്‍ ഇരിക്കാന്‍ ആള്‍ ഇല്ലാത്തതു കൊണ്ടാണോ? ബൂത്ത് കമ്മിറ്റികളും നിലവിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് കമ്മിറ്റികള്‍ ഒന്നു രണ്ടു ജില്ലകളില്‍ ഒഴിച്ച് എല്ലായിടത്തും നിലവില്‍ വന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ഡി.സി.സികള്‍ ഐ.ഡി കാര്‍ഡുകള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. നാളെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമാണ്. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് അടുത്ത രണ്ടു മാസത്തെ സമര പരമ്പരകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുമായി മുന്നോട്ട് പോകുകയാണ്.
മിഷന്‍ 26ലേക്ക് കോണ്‍ഗ്രസ് കടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കോണ്‍ഗ്രസും യു.ഡി.എഫും കടന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് അറിയാന്‍ ആരുടെയെങ്കിലും റിപ്പോര്‍ട്ട് വാങ്ങേണ്ട ആവശ്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനില്ല. ഇതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കഥയാണ്. എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടെന്ന് ശശി തരൂര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ബി.ജെ.പിയില്‍ പോകുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. എനിക്ക് പുസ്തകങ്ങളുടെയും വായനയുടെയും പ്രഭാഷണത്തിന്റെയും മറ്റൊരു ലോകം കൂടിയുണ്ടെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. എന്നിട്ടാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയത്. സതീശന്‍ സുധാകരന് എതിരെയെന്ന ബ്രേക്കിങ് ന്യൂസാണ് നിങ്ങള്‍ക്ക് വേണ്ടത് അത് തന്റെ കയ്യില്‍ നിന്നും കിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

