കുമരകത്ത് കോൺഗ്രസും ബി.ജെ.പിയും കൈകോർത്തു, സ്വതന്ത്രൻ പ്രസിഡന്‍റ്
text_fieldsകോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും (എൻ.ഡി.എ) കൈകോർത്തതോടെ സ്വതന്ത്രൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 16 അംഗ പഞ്ചായത്തിൽ എട്ട് അംഗങ്ങളുമായി എൽ.ഡി.എഫ് മുന്നിലെത്തിയെങ്കിലും, യു.ഡി.എഫും (നാല്) എൻ.ഡി.എയും (മൂന്ന്) സ്വതന്ത്രന് വോട്ട്ചെയ്തതോടെ സ്വതന്ത്രനും എൽ.ഡി.എഫ് പ്രതിനിധിക്കും തുല്യവോട്ട് (എട്ടുവീതം) ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ, ഒന്നാംവാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ പി.എ. ഗോപി പ്രസിഡന്‍റാവുകയായിരുന്നു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലാകട്ടെ, ഗോപി വിട്ടുനിന്നു. ഇതോടെ എട്ട് വോട്ട് നേടി എൽ.ഡി.എഫിന്‍റെ രമ്യ ഷിജോ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ സലിമ ശിവാത്മജന് നാല് വോട്ടും, ബി.ജെ.പിയുടെ നീതു റജിക്ക് മൂന്ന് വോട്ടും ലഭിച്ചു. എൽ.ഡി.എഫ് ധാരണപ്രകാരം ആദ്യ മൂന്നുവർഷം സി.പി.എമ്മിനും പിന്നീട് രണ്ട് വർഷം സി.പി.ഐക്കുമാണ് വൈസ് പ്രസിഡൻറ് സ്ഥാനം. 2005 ൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പി.എ. ഗോപി പിന്നീട് പാർട്ടി വിട്ട് സ്വതന്ത്രനായി നിൽക്കുകയായിരുന്നു. ഗോപിക്ക് ജനപിന്തുണയുള്ളതിനാലാണ് പിന്തുണച്ചതെന്നാണ് യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങളുടെ പ്രതികരണം. മന്ത്രി വി.എൻ. വാസവന്‍റെ മണ്ഡലമായ ഏറ്റുമാനൂരിന് കീഴിൽ വരുന്ന കുമരകത്ത് എൽ.ഡി.എഫിനെ മാറ്റിനിർത്താൻ നടന്ന ഒത്തുകളിയാണ് ഇതെന്ന ആക്ഷേപവും ശക്തമാണ്.
അതിനിടെ, പാർട്ടിവിപ്പ് ലംഘിച്ച അംഗങ്ങൾക്കെതിരെ നിയമപരമായും സംഘടനാപരമായും നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ല പ്രസിഡന്‍റ് ലിജിൻലാൽ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ചായിരിക്കും നടപടി.
കൊല്ലത്ത് ഗ്രാമപഞ്ചായത്തിൽ മുൻതൂക്കം യു.ഡി.എഫിന്
കൊല്ലം: ജില്ലയിൽ തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ യു.ഡി.എഫിന് മുൻ തൂക്കം. ആകെയുള്ള 68 പഞ്ചായത്തുകളിൽ 34 ഇടത്ത് യു.ഡി.എഫിന് ഭരണം ലഭിച്ചു. 33 ഇടത്ത് എൽ.ഡി.എഫിനും ഒരെണ്ണം എൻ.ഡി.എക്കും. ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായ രണ്ട് പഞ്ചായത്തുകളിൽ ഒരെണ്ണത്തിൽ സ്വതന്ത്രന് പ്രസിഡന്‍റ് പദവി നൽകി നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു. ചിറക്കര പഞ്ചായത്തിലാണ് അത്.
അതേ സമയം, വൈസ് പ്രസിഡന്റ് പദവി ഇവിടെ ബി.ജെ.പിക്കാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യഅംഗങ്ങളുള്ള ഉമ്മന്നൂർ പഞ്ചായത്തും പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ് പദവികൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചു. നടുവത്തൂരാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ച ഏക പഞ്ചായത്ത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴ് എണ്ണം എൽ.ഡി.എഫിനും നാലെണ്ണത്തിൽ യു.ഡി.എഫിനും ഭരണം ലഭിച്ചു. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ സീറ്റായിരുന്ന മുഖത്തല ബ്ലോക്കിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്‍റ് പദവി ലഭിച്ചു.
കൂടാതെ ഓച്ചിറ, പത്താനാപുരം, ചവറ ബ്ലോക്കുകളും യു.ഡി.എഫിനാണ്. ഇതിൽ ചവറ ഒഴിച്ചുള്ളത് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തതാണ്. ഇത്തിക്കര, ശാസ്താംകോട്ട, ചടയമംഗലം, ചിറ്റുമല, അഞ്ചൽ, വെട്ടിക്കവല, കൊട്ടാരക്കര ബ്ലോക്കുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

