ജനവികാരം വി.ഡി സതീശനൊപ്പമെന്ന് ലീഗ്; സിറ്റിങ് എം.എൽ.എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ജനഹിതവും ജനവികാരവും പരിഗണിക്കണമെന്ന് ഹൈകമാൻഡ് നിരീക്ഷകരെ അറിയിച്ച് യു.ഡി.എഫ് ഘടകകക്ഷികൾ. മുസ്ലിം ലീഗും കേരള കോൺഗ്രസും ജനവികാരം വി.ഡി സതീശനൊപ്പമാണെന്ന് കൃത്യമായി ഹൈകമാൻഡ് പ്രതിനിധികളെ അറിയിച്ചു.
ജനവികാരം പരിഗണിക്കണമെന്ന അഭിപ്രായം ആർ.എസ്.പിയും അറിയിച്ചു. കോൺഗ്രസ് എം.എൽ.എമാരിൽനിന്ന് അഭിപ്രായം തേടിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഘടകകക്ഷി നേതാക്കൾ നിലപാട് അറിയിച്ചത്. സതീശന്റെ നേതൃത്വത്തിലുള്ള പ്രവര്ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കുമെന്നും ലീഗ് നേതാക്കൾ ഹൈകമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരെ അറിയിച്ചു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഹാരിസ് ബീരാൻ എം.പി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പാർട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും കൂടുതലൊന്നും ഇപ്പോൾ പറയാനില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. സിറ്റിങ് എം.എൽ.എ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം അറിയിച്ചത്. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി. ഹൈകമാൻഡിനെ ഇക്കാര്യം അറിയിച്ചതായി പി.ജെ. ജോസഫ് മാധ്യമങ്ങൾക്ക് മുന്നിലും അറിയിച്ചു. ജനവികാരം അംഗീകരിക്കണമെന്ന നിലപാടാണ് ആർ.എസ്.പിയും അറിയിച്ചത്. എന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും അതിൽ പാർട്ടി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

