മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിനന്ദനവുമായി പിണറായി: ക്ഷേമപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു
text_fieldsകണ്ണൂർ: കേരളത്തിന്റെ 13ാം മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. മുൻ സർക്കാർ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്ദിരാ ഗാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാൻ ഉത്തരവിട്ട് യു.ഡി.എഫിന്‍റെ ആദ്യ മന്ത്രിസഭാ യോഗം. കെ.എസ്.ആർ.ടി.സി ബസുകളിൽ ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപവത്കരിക്കും. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വർധിപ്പിച്ചവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അംഗൻവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ഇത് ആദ്യഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും 1000 രൂപ കൂട്ടി. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരന്‍ പ്രോടേം സ്പീക്കറാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി. അസഫലിയെ നിയമിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച നടക്കും. സാമ്പത്തിക സ്ഥിതിയിൽ ധളവ പത്രം ഇറക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

