കുട്ടിയെ തിരിച്ചുകിട്ടാൻ അനുപമ കാണിച്ച ധൈര്യത്തിന് അഭിനന്ദനം -നടി രഞ്ജിനി
text_fieldsതിരുവനന്തപുരം: ശിശുക്ഷേമം ലക്ഷ്യമിട്ട് പ്രവൃത്തിക്കേണ്ട സ്ഥാപനങ്ങൾ നിയമവിരുദ്ധമായി ദത്ത് നൽകിയ സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാൻ ൈധര്യസമേതം ഇടപെട്ട അനുപമയെ അഭിനന്ദിച്ച് നടി രഞ്ജിനി. കഴിവുകെട്ട സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ശിശുക്ഷേമ സമിതിയും ചേർന്ന് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നൽകിയിട്ടും ധൈര്യത്തോടെ തിരികെ കൊണ്ടുവന്ന അനുപമയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്. സംരക്ഷണമൊരുക്കേണ്ട സ്ഥാപനങ്ങളേക്കാൾ കാര്യക്ഷമമായി ഇടപെട്ട് മികച്ച ഫലം സൃഷ്ടിച്ച മാധ്യമങ്ങളെയും രഞ്ജിനി അഭിനന്ദിച്ചു.
ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ സംരക്ഷണ കമ്മിഷന്‍റെയും മേലധികാരികൾ രാജിവെക്കേണ്ട സമയം അതിക്രമിച്ചു. ഇവരുടെ പിടിപ്പുകേട് നിമിത്തം, ദത്തെടുത്ത കുഞ്ഞിനെ നഷ്ടമായി കടുത്ത ഹൃദയവേദന അനുഭവിക്കുന്ന ആന്ധ്രയിലെ മാതാപിതാക്കളെ ഓർത്താണ് ഏറെ സങ്കടം. മാപ്പുപറച്ചിലും നഷ്ടപരിഹാരവും മതിയായ പരിഹാരമല്ല. അവർക്ക് ശാന്തി ലഭിക്കാനായി പ്രാർഥിക്കുന്നു -രഞ്ജിനി ഫേസ്ബുക് എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.