യുദ്ധക്കളമായി കൊച്ചി കോർപറേഷൻ അങ്കണം; പൊലീസ് മർദനത്തിൽ യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്ക്
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച അടിയന്തര കൗൺസിൽ ചേരാനിരിക്കെ കൊച്ചി കോർപറേഷൻ അങ്കണം യുദ്ധക്കളമായി. കൗൺസിൽ യോഗത്തിനെത്തിയ മേയർ എം. അനിൽകുമാറിനെ യു.ഡി.എഫ് കൗൺസിലർമാരും പ്രവർത്തകരും തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ബലപ്രയോഗത്തിനിടെ പൊലീസിന്റെ മർദനമേറ്റ മൂന്ന് യു.ഡി.എഫ് കൗൺസിലർമാരടക്കം നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് കൗൺസിലർമാരായ ടിബിൻ ദേവസി, എ.ആർ. പത്മദാസ്, മാലിനി കുറുപ്പ്, ഡി.സി.സി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, മേയറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ നേരത്തേ അറിയിച്ചിരുന്നു. മേയർക്ക് പകരം എൽ.ഡി.എഫിൽനിന്ന് ആര് അധ്യക്ഷനായാലും പങ്കെടുക്കുമെന്നും വ്യക്തമാക്കി. രാവിലെ തന്നെ കറുത്ത വസ്ത്രമണിഞ്ഞെത്തിയ യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിയുമായി കാർപോർച്ചിനുള്ളിൽ കുത്തിയിരിപ്പ് ആരംഭിച്ചിരുന്നു. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. വൈകീട്ട് മൂന്നിന് മേയർ എൽ.ഡി.എഫ് കൗൺസിലർമാർക്കൊപ്പം ഓഫിസിലേക്ക് കടക്കുമ്പോൾ തടയാൻ ശ്രമിച്ച യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് തള്ളിമാറ്റി.
എൽ.ഡി.എഫ് -യു.ഡി.എഫ് കൗൺസിലർമാർ തമ്മിലും ഉന്തും തള്ളുമായി. ഓഫിസിന്റെ താഴത്തെ നിലയിൽ കൗൺസിലർമാർ തമ്മിലും പൊലീസുമായും കൂട്ടപ്പൊരിച്ചിൽ നടന്നു. ഇതിനിടെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവരും സംഘർഷത്തിൽപെട്ടു. ഓഫിസിൽ വെച്ചിരുന്ന വളച്ചാക്കുകൾ എടുത്ത് ചിലർ എറിയുന്നതും കാണാമായിരുന്നു. ഇതിനിടെ മുനിസിപ്പൽ സെക്രട്ടറിയുടെ ഓഫിസിനു മുന്നിലെ മുറിയിൽ എത്തിച്ച് ചില യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഈ മുറിയിൽ രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു. കൗൺസിൽ ഹാളിലെത്തിയ മേയറും എൽ.ഡി.എഫ് കൗൺസിലർമാരും യോഗം ചേരുകയും തീരുമാനങ്ങളെടുത്ത് 15 മിനിറ്റിനുള്ളിൽ നടപടി പൂർത്തിയാക്കി മുദ്രാവാക്യം വിളിച്ച് പിരിയുകയുമായിരുന്നു.
2011 മുതലുള്ള ഇടപാടുകൾ അന്വേഷിക്കണം -മേയർ
കൊച്ചി: ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് 2011 മുതലുള്ള എല്ലാ ഇടപാടും വിജിലൻസ് അന്വേഷിക്കണമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ. ഭരണപക്ഷ കൗൺസിലർമാർ മാത്രം പങ്കെടുത്ത കൗൺസിലിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയതായും മേയർ പറഞ്ഞു. നിലവിലെ പ്ലാന്റ് റിപ്പയർ ചെയ്യാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇനി ഉറവിട മാലിന്യസംസ്കരണത്തിന് പ്രാധാന്യം നൽകുമെന്നും മേയർ വ്യക്തമാക്കി.