മരണാനന്തര ചടങ്ങിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം; സി.ഐയുടെ ഭാര്യക്ക് വെട്ടേറ്റു
text_fieldsകോട്ടയം: മരണാനന്തര ചടങ്ങിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എച്ച്.ഒയുടെ ഭാര്യക്ക് വെട്ടേറ്റു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് മർദനമേൽക്കുകയും ചെയ്തു. കാസർകോട് കോസ്റ്റൽ എസ്.എച്ച്.ഒ എം.ജെ അരുണിൻെറ ഭാര്യ ശ്രീജ (40)യ്ക്കാണ് വെട്ടേറ്റത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് ടെൺ ഓൺലൈൻ ചീഫ് റിപ്പോർട്ടറും മംഗളം കുമരകം ലേഖകനുമായ അനീഷിനെയാണ് ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 9ന് വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം ശ്രീജയുടെ അമ്മാവൻ ചെമ്മനത്തുകര സ്വദേശി മരണപ്പെട്ടിരുന്നു. ഞായറാഴ്ച 41 ചരമദിനമായിരുന്നു. ഇതിനോടനുബന്ധിച്ച് വീട്ടിൽ കർമ്മങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം കർമ്മങ്ങൾ നടത്തുന്നതിനെ ചില ബന്ധുക്കൾ എതിർത്തു. ഇത് സംബന്ധിച്ചുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും തടയാനെത്തിയ ശ്രീജയുടെ തലക്ക് വെട്ടേൽക്കുകയുമായിരുന്നു. ഇവരെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ അനീഷ്, പ്രതികൾ രക്ഷപെട്ട വാഹനം സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ടത് കണ്ടു. ഇതിൻെറ ചിത്രം പകർത്തുന്നതിനിടെ പ്രതികളിലൊരാൾ എത്തി മർദിക്കുകയായിരുന്നു. തുടർന്ന് അക്രമി രക്ഷപ്പെടുകയും ചെയ്തു.
വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും വൈക്കം ഡി.വൈ.എസ്പി എ.ജെ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

