മനുഷ്യരും വന്യമൃഗങ്ങളും തമ്മിലെ സംഘർഷം; ഹൈകോടതി അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി
text_fieldsകൊച്ചി: മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി ഹൈകോടതി. വനമേഖലയോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്.
സർക്കാറും അമിക്കസ് ക്യൂറിയും നൽകിയ പാനലുകളിൽനിന്നാണ് സമിതി അംഗങ്ങളുടെ നിയമനം.
ഹൈകോടതിയിലെ സീനിയർ അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അഡ്വ. എസ്. രമേഷ് ബാബുവാണ് സമിതി കൺവീനർ. ഫോറസ്റ്റ് അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) ജി. പ്രമോദ്, മുൻ അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒ.പി. കലേർ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഡോ. എം. അനന്തകുമാർ, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ എന്നിവരാണ് സമിതി അംഗങ്ങൾ.
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തൽ, പ്രശ്ന പരിഹാരത്തിനായി ദീർഘ - ഹ്രസ്വകാല പരിഹാര നടപടിയുണ്ടാക്കൽ, ആനത്താരകൾ വീണ്ടെടുക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകൽ, പഞ്ചായത്തുകളിലെ കർമസേനകളുടെ പ്രവർത്തന മേൽനോട്ടം, കർമ സേനകൾ സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് കൈമാറൽ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ.
സമിതി നൽകുന്ന റിപ്പോർട്ടുകൾ ഹൈകോടതി സർക്കാറിന് കൈമാറുകയും സർക്കാറിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പൻ എന്ന ആനയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജികൾ നേരത്തേ ഇതേ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ഇതിന്റെ തുടർച്ചയായാണ് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയം തുടർന്നും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

