മൂവാറ്റുപുഴയിൽ വീണ്ടും സംഘർഷം; സി.പി.ഐ നേതാവിന്റെ വീട് ആക്രമിച്ചു
text_fieldsവീടിന്റെ ജനലിന്റെ ചില്ല് തകര്‍ത്ത നിലയില്‍
മൂവാറ്റുപുഴ: നിർമല കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന്റ തുടർച്ചയായി മൂവാറ്റുപുഴയിൽ വീണ്ടും ആക്രമണം. മുതിർന്ന സി.പി.ഐ നേതാവായിരുന്ന സി.വി. യോഹന്നാന്റ വീട് വാഹനത്തിലെത്തിയ സംഘം അടിച്ചുതകർത്തു. ആക്രമണത്തിൽ യോഹന്നാന്റ ഭാര്യ മറിയാമ്മ (80) മകനും സി.പി.ഐ വാളകം ലോക്കൽ സെക്രട്ടറിയുമായ സി.ജെ. ബാബു (56) എന്നിവർക്ക് മർദനമേറ്റു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
വാഹനത്തില്‍ ആയുധങ്ങളുമായി എത്തിയ ആക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സി.വി. യോഹന്നാന്റെ വാളകത്തെ വീടിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകര്‍ത്തു. ബാബുവിന്റ മകൻ കൂടിയായ എ.ഐ.എസ്.എഫ് നിർമല കോളജ് യൂനിറ്റ് സെക്രട്ടറി ചിന് ജോണിനെ അന്വേഷിച്ചാണ് സംഘമെത്തിയത്. ബഹളംകേട്ട് സമീപവാസികള്‍ എത്തിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ മറിയാമ്മയെയും ബാബുവിനെയും അയല്‍വാസികൾ മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ നിര്‍മല കോളജില്‍ യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സഘർഷത്തിന്റ തുടർച്ചയാണ് ആക്രമണമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഒറ്റക്കാണ് മത്സരിച്ചത്. എ.ഐ.എസ്.എഫിന് പത്തുപേരെ വിജയിപ്പിക്കാനുമായി.
തുടർന്ന് വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെ സംഘർഷമുണ്ടായി. പിറ്റേ ദിവസം ലത ബസ്സ്റ്റാൻഡിന് സമീപമുണ്ടായ സംഘർഷത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ 17 എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഞായറാഴ്ച വീടാക്രമണമുണ്ടായത്. വീട് ആക്രമിച്ചതിനു പിന്നിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് സി.പി.ഐ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകൾ നഗരത്തിൽ പ്രകടനം നടത്തി.
അക്രമികളെ അറസ്റ്റ് ചെയ്യണം - സി.പി.ഐ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന സി.വി. യോഹന്നാന്റെ വീട് ആക്രമിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആക്രമണത്തിൽ സി.വി. യോഹന്നാന്റെ ഭാര്യക്കും മകനും പരിക്കുണ്ട്. മൂവാറ്റുപുഴ നിർമല കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനുള്ള എ.ഐ.എസ്.എഫ് താൽപര്യം അറിയിച്ച് എസ്.എഫ്.ഐ നേതാക്കളോട് സംസാരിച്ചപ്പോള്‍ കേരളത്തില്‍ ഒരിടത്തും ഇല്ലാത്ത ഐക്യം നിർമലയില് മാത്രമായി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചതെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
സി.വി. യോഹന്നാന്റെ വീട് സി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.കെ. അഷറഫ്, കമല സദാനന്ദന്, സംസ്ഥാന കണ്ട്രോള് കമീഷന് അംഗം ഇ.കെ. ശിവന്, ജില്ല സെക്രട്ടറി കെ.എം. ദിനകരന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബാബു പോള്‍, പി.കെ. രാജേഷ്, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായ എല്‍ദോ എബ്രഹാം, ശാന്തമ്മ പയസ്, ജില്ല എക്സിക്യൂട്ടിവ് അംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ജില്ല കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ് എന്നിവരാണ് സി.വി. യോഹന്നാന്റെ വീട്ടിലെത്തിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

