തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റുറപ്പിച്ച സ്ഥാനാർഥികൾ നിശ്ശബ്ദ പ്രചാരണത്തിൽ
text_fieldsമഞ്ചേരി: ഡിസംബർ ആദ്യവാരത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ നഗരസഭ പരിധിയിൽ സീറ്റുറപ്പിച്ചവർ പ്രചാരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ സ്ഥാനാർഥികൾ വീടുകൾതോറും കയറി വോട്ടുറപ്പിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂടിയുള്ള പ്രചാരണം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സ്ഥാനാർഥികൾ സ്വന്തമായും ചെറുസംഘങ്ങളായും തിരിഞ്ഞാണ് വോട്ടഭ്യർഥിക്കുന്നത്.
മഞ്ചേരി നഗരസഭയിൽ 50 വാർഡുകളിൽ പകുതിയിലധികം വാർഡുകളിൽ സ്ഥാനാർഥികൾ ആയിട്ടുണ്ട്. എന്നാൽ, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് കാത്തുനിൽക്കാതെയാണ് സ്ഥാനാർഥികൾ ഗോദയിലിറങ്ങുന്നത്. സമൂഹമാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുന്നുണ്ട്.
വീണ്ടും മത്സരിക്കുന്നവർ വികസന പ്രവർത്തനങ്ങളുടെ വിഡിയോയും പ്രചരിപ്പിക്കുന്നു. ഇത്തവണ യു.ഡി.എഫ് കഴിഞ്ഞ തവണയിലെ സീറ്റ് നില തുടരാനാണ് ധാരണ.
അടുത്ത വ്യാഴാഴ്ചയോടെ സ്ഥാനാർഥി നിർണയവും പൂർത്തിയാകും. മുസ്ലിം ലീഗ് 34 വാർഡിലും കോൺഗ്രസ് 16 വാർഡിലും മത്സരിക്കും. എൽ.ഡി.എഫിലും ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞതവണ സി.പി.എം 39 സീറ്റിലാണ് മത്സരിച്ചത്. സി.പി.ഐ നാലും ഐ.എൻ.എൽ അഞ്ച് സീറ്റിലും മത്സരിച്ചു. ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമാണ്.