ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പത്താമത് ബിരുദാന ചടങ്ങ് നടത്തി
text_fieldsതിരുവനന്തപുരം: ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ പത്താമത് ബിരുദാന ചടങ്ങ് നടത്തി. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച നടന്ന ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാനവരാശി മുഴുവൻ സുഖത്തോടും സന്തോഷത്തോടും ജീവിക്കാനാണ് കേരള ആരോഗ്യ സർവകലാശാല ആഗ്രഹിക്കുന്നതെന്നും ഇതിലേക്ക് ജനങ്ങളെ നയിക്കാൻ യുവ ഡോക്ടർമാർക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അവഗണിച്ച് ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാൽവയ്പ് നടത്തിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.ബിരുദദാനചടങ്ങിൽ പങ്കെടുക്കുന്ന 87 പേരും കൊവിഡ് മഹമാരി സമയത്ത് അവസാന വർഷ വിദ്യാർഥികളായിരുന്നു.
രാജ്യം മുഴുവൻ ലോക്ക്ഡൌണിലായപ്പോൾ ഗവർണറോട് പ്രത്യേക അനുമതി വാങ്ങി ആരോഗ്യ സവകലാശാല അവസാന വർഷ വിദ്യാർഥികൾക്ക് ക്ലാസുകളും പ്രാക്ടിക്കലും നടത്തി. ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർഥികളായ നിങ്ങൾ രോഗത്തോടും പരീക്ഷയോടും ഒരുപോലെ പോരാടി. രാജ്യത്തിന്റെ പ്രതീക്ഷ യുവ ഡോക്ടമാരിലാണെന്നും അത് നിറവേറ്റാൻ ഓരോ ബിരുദധാരികളും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ 87 വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എസ് ഡബ്ല്യു സി അംഗം ഡോ. ജോൺ സി. പണിക്കർ വിശിഷ്ടാതിഥിയായിരുന്നു. വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സർവേശ്വരൻ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഡോ. ജോൺ സി. പണിക്കർ പറഞ്ഞു. ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. വിജയാനന്ദ്, കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സലിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

