തുരങ്കപാതയിൽ ആശങ്ക ബാക്കി; സംസ്ഥാന വിദഗ്ധസമിതി റിപ്പോർട്ടിൽ നിരവധി ആശങ്കകൾ
text_fieldsകൽപറ്റ: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും ആശങ്ക ബാക്കി. 298 പേർ മരിച്ച ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലൂടെയാണ് ഭൂമി തുരന്നുള്ള പാത വരുന്നത്.
മേപ്പാടി-ചൂരൽമല റോഡിൽ ആറു കി.മീറ്റർ അപ്പുറത്തുള്ള മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട് ജില്ലയിലെ തുടക്കം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടി കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. കോഴിക്കോട് ജില്ലയിൽ 3.15 കി.മീറ്ററും വയനാട് ജില്ലയിൽ 5.58 കി.മീറ്ററുമാണുള്ളത്. വയനാട് ഭാഗത്താണ് ആദ്യം നിർമാണം തുടങ്ങുകയെന്ന് പദ്ധതി നടത്തിപ്പുകാരായ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് പറയുന്നു. മീനാക്ഷി പാലത്തിന് സമീപം രണ്ടാഴ്ചയായി നിലം നിരപ്പാക്കൽ നടക്കുകയാണ്.
നിലവിൽ വയനാട് ചുരം മണ്ണിടിച്ചിൽ അടക്കമുള്ള പ്രതിസന്ധികളാൽ വലയുകയാണ്. വനപാതയായതിനാല്‍ ചുരം റോഡിന്റെ വീതി കൂട്ടുന്നതിന് പരിമിതികളുള്ളതിനാൽ ബദൽപാതയെന്ന നിലക്ക് തുരങ്കപാത സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. പാത വന്നാൽ ആനക്കാംപൊയിലില്‍നിന്ന് 16 കി.മീറ്ററിൽ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. റോഡ് നിർമാണത്തിന് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു.
എന്നാൽ, ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെ സാധ്യതാപട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് തുരങ്കപാതയെന്നും മതിയായ പഠനങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് പ്രധാന വിമർശനം. 2024 മേയ് 25ന് പദ്ധതിപ്രദേശം സന്ദർശിച്ച സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിരവധി ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. അപ്രതീക്ഷിത നീരൊഴുക്ക്, ഭൂചലന സാധ്യത, തുരങ്കത്തിനായി നടത്തുന്ന പാറപൊട്ടിക്കലിന്റെ ഫലമായി ഭൂമി അസ്ഥിരമാകല് എന്നിവ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും ഇ.എസ്.എ (പരിസ്ഥിതിലോല) വില്ലേജുകളാണ്. പദ്ധതിയുടെ 5.76 കിലോമീറ്റർ വനഭൂമിയിലൂടെയാണ് പോകുന്നത്. വയനാട്ടിലെ ആദിവാസി വാസകേന്ദ്രമായ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. പാത അവസാനിക്കുന്ന മീനാക്ഷി ക്ഷേത്രത്തിനടുത്താണ് 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല. നിരവധിപേരുടെ ജീവനെടുത്ത 1984ലെയും 2019ലെയും മുണ്ടക്കൈ ഉരുൾപൊട്ടൽ, 1962ലെയും 1996ലെയും ചെമ്പ്ര ഉരുൾപൊട്ടൽ എന്നിവ നടന്ന പ്രദേശത്തിനടുത്തുകൂടിയാണ് തുരങ്കപാത വരുന്നത്. പാതക്കായി തുരക്കുന്ന വെള്ളരിമല, ചേമ്പ്രമല എന്നിവ ഉരുള്‍പൊട്ടല്‍ സാധ്യതകളും ‘സോയില്‍ പൈപ്പിങ്’ പോലുള്ള പ്രതിഭാസങ്ങളും നിലനില്‍ക്കുന്ന മേഖലയിലുൾപ്പെട്ടവയാണ്. ആനത്താരകള്‍ ഉള്‍പ്പെടുന്ന 17.26 ഹെക്ടര്‍ വനഭൂമിക്കിടയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. അതിനാൽ, മനുഷ്യ-വന്യജീവി സംഘര്‍ഷം വർധിക്കാമെന്നും സമിതി റിപ്പോർട്ടിലുണ്ട്.
വലുപ്പത്തിൽ മൂന്നാമൻ
നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത വലുപ്പത്തിൽ ഇന്ത്യയിൽ മൂന്നാമതാണ്. ജമ്മു-കശ്മീരിലെ ചെനാനിയില്‍ തുടങ്ങുന്ന 9.28 കി.മീറ്റര്‍ നീളമുള്ള ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ടണലാണ് രാജ്യത്തെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം. ഹിമാചല്‍ പ്രദേശിലെ റോത്താങ്ങിലുള്ള 9.02 കി.മീറ്ററുള്ള അടല്‍ തുരങ്കമാണ് രണ്ടാമത്. നോര്‍വേയിലെ ലേഡല്‍ ടണലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം (24.5 കി.മീറ്റര്‍). ഏറ്റവും നീളമുള്ള റെയില്‍ തുരങ്കം സ്വിറ്റ്സര്‍ലന്‍ഡിലെ ഗോട്ടാര്‍ഡ് ബേസ് ടണലാണ്. 57 കി.മീറ്ററാണ് നീളം. ജപ്പാനിലെ സെയ്കന്‍ ടണലാണ് റെയില്‍ തുരങ്കങ്ങളില്‍ രണ്ടാം സ്ഥാനത്ത് (53.8 കി.മീറ്റര്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

