ധാതു ഇടനാഴിയിൽ ആശങ്ക; കടലാമ നിരീക്ഷണത്തിൽ പ്രതീക്ഷ
text_fieldsആലപ്പുഴ: ധാതു മണൽ ഖനനത്തിന് കേരളത്തിൽ പ്രത്യേക ഇടനാഴി സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ വ്യാപക ആശങ്ക ഉയരുന്നു. കടലാമ നിരീക്ഷണ കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ സമുദ്രോൽപന്ന കയറ്റുമതി മേഖലയിൽ പ്രതീക്ഷ. സംസ്ഥാനത്ത് ഏറ്റവുമധികം ധാതു സമ്പത്തുള്ളത് കൊല്ലം മുതൽ ആലപ്പുഴ വരെ തീരത്താണ്. പൊതുമേഖല സ്ഥാപനങ്ങളാണ് ഇപ്പോൾ ഖനനം നടത്തുന്നത്. പുതിയ പ്രഖ്യാപനം ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കിയേക്കും.
തീരത്ത് ഖനനം കൂടുന്നത് വൻ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക കരിമണൽ ഖനനത്തിനെതിരെ സമരത്തിലുള്ള പരിസ്ഥിതി സംഘടനകൾ ഉയർത്തുന്നു. ചെമ്മീൻ വലകളിൽ കുടുങ്ങി കടലാമകൾ ചത്തൊടുങ്ങുന്നുവെന്ന് ആരോപിച്ച് 2024 ആഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചിരുന്നു. നിരോധനം ഇപ്പോഴും നിലനിൽക്കുകയാണ്. സംസ്ഥാനത്ത് നിരവധി ചെമ്മീൻ കമ്പനികളാണ് അടച്ചുപൂട്ടിയത്. നൂറുകണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ ജനുവരി മുതൽ യു.എസ് കർശനമാക്കിയിരിക്കെയാണ് കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം.
കേരളത്തിൽ നിരീക്ഷണ കേന്ദ്രം വരുന്നതോടെ ഡിവൈസിന്‍റെയും സർട്ടിഫിക്കറ്റിന്‍റെയും ലഭ്യത സുഗമമാകും. വിദേശത്തേക്ക് മത്സ്യകയറ്റുമതി നടത്തുന്ന വ്യവസായികൾക്ക് റ്റെഡ് സർട്ടിഫിക്കറ്റ് ലഭിക്കൽ എളുപ്പമാകുമെന്നും അതിനാൽ കേന്ദ്ര സർക്കാറിന്‍റെ നീരീക്ഷണ കേന്ദ്രം പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ (എഫ്.ഡി.ഒ) ജനറൽ സെക്രട്ടറിയും മത്സ്യ കയറ്റുമതി വ്യവസായിയുമായ അനസ് മാനറ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡിവൈസ് സ്ഥാപിക്കുന്നതിനുള്ള സബ്സിഡി കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധാതു മണൽ ഖനനത്തിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച പ്രത്യേക ഇടനാഴി വിഴിഞ്ഞം - കൊച്ചി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതാവുമെന്നാണ് കരുതുന്നത്. ചവറ ശങ്കരമംഗലത്ത് റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ (ആർ.ഇ.സി.എം.എം) സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു. 42,000 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നതത്രെ. അതിനു പിന്നാലെയാണ് കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം.
തീരത്ത് വൻതോതിൽ ഖനനം നടക്കുമെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്ന് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ ബി. ഭദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എം.എം.എൽ, ഐ.ആർ.ഇ എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് ഇപ്പോൾ ധാതുമണൽ ഖനനം നടത്തുന്നത്. ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികൾക്കും വഴിതുറക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കേരളം, ഗുജറാത്ത്, ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്ന് മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരുന്നു. അതിനെതിരെ സംസ്ഥാനത്ത് കനത്ത പ്രതിഷേധം ഉയർന്നതോടെ കേരളത്തിലെ ടെൻഡർ നടപടികൾ നിർത്തിവെച്ചു. അതിനു പിന്നാലെയാണ് ധാതു മണൽ ഖനനത്തിനായി പ്രത്യേക ഇടനാഴി പ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

