Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാമാരിക്കാലത്ത്...

മഹാമാരിക്കാലത്ത് വഴികാട്ടിയാകുന്ന കൃഷ്ണപിള്ളയെക്കുറിച്ചോർത്ത് മുഖ്യമന്ത്രി

text_fields
bookmark_border
മഹാമാരിക്കാലത്ത് വഴികാട്ടിയാകുന്ന കൃഷ്ണപിള്ളയെക്കുറിച്ചോർത്ത് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൃഷ്ണപിള്ള ദിനത്തിൽ സഖാവിനെ ഓർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവിനെക്കുറിച്ച് ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി കുറിപ്പെഴുതിയത്. കോളറയും വസൂരിയും കേരളത്തിൽ നടമാടിയപ്പോൾ കൃഷ്ണപിള്ളയും സഖാക്കളും ജീവൻപോലും പണയംവെച്ചാണ് രോഗികൾക്ക് താങ്ങായി നിന്നത്. ഓരോ പാർടി അംഗവുംലെവി നൽകുന്നതുപോലെ ദുരിതനിവാരണത്തിന് നിശ്ചിതസംഖ്യ വരുമാനത്തിൽനിന്ന് കൊടുക്കണമെന്ന് പ്രഖ്യാപിച്ചത് കൃഷ്ണപിള്ളയായിരുന്നു. ഇന്ന് മറ്റൊരു മഹാമാരിക്കാലത്ത് വഴികാട്ടിയാവുന്നതും സഖാവ് പി. കൃഷ്ണപിള്ളയുടെ അന്നത്തെ വാക്കുകളും പ്രവൃത്തികളും തന്നെയാണെന്നും പിണറായി വിജയൻ ഓർമക്കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം.

1906-ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്‌ണപിള്ള കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിച്ച് സമരസജ്ജമാക്കിയ നേതാവാണ്. 1930 ഏപ്രിൽ 13ന് ഉപ്പു സത്യഗ്രഹം നടത്താന്‍ വടകരയിൽ നിന്നും പയ്യന്നൂരിലേക്കുപോയ ജാഥയിലൂടെയാണ് സഖാവ് സജീവരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിനും ചരിത്രപരമായ നേതൃത്വം കൊടുത്തു.1937

ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറിയും മറ്റാരുമായിരുന്നില്ല. പിന്നീട് 1939 ഡിസംബർ അവസാനം പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് സർക്കാരിനും ജന്മിത്തത്തിനും എതിരേ തൊഴിലാളികളുടെ മുൻകൈയിൽ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം നടന്നത് 1946 ഒക്ടോബറിലായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് മുന്നോടിയായ

സെപ്തംബർ 15ന്റെ പണിമുടക്കും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാർട്ടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു.1948-ലെ കൽക്കത്താ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും നിരോധിക്കപ്പെടുകയുണ്ടായി. ഇതേ തുടർന്ന് സഖാവടക്കമുള്ള പാർടി നേതാക്കൾക്ക് ഒളിവിൽ പോകേണ്ടതായും വരികയായിരുന്നു. 1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ട് ഗ്രാമത്തിലെ തന്റെ ഒളിവുജീവിതത്തിനിടെ സര്‍പ്പദംശമേറ്റ്‌ മരിക്കുമ്പോൾ അദ്ദേഹത്തിന് നാൽപ്പത്തി രണ്ട് വയസ്സായിരുന്നു. തന്റെ ചെറുപ്രായത്തിനിടെ കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന് ശക്തമായ സംഘടനാ സംവിധാനമുണ്ടാക്കുകയും അതിന് വ്യക്തമായ രാഷ്ട്രീയനേതൃത്വം കൊടുക്കുകയും ചെയ്ത നേതാവാണ് സഖാവ് പി കൃഷ്ണപിള്ള. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അനിഷേധ്യനായ നേതാവാണ് സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള.

ഒരു മഹാമാരിക്കാലത്താണ് ഈ വർഷം നാം കൃഷ്ണപിള്ള ദിനം ആചരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പകുതിയിൽ കോളറയും വസൂരിയും കേരളത്തിൽ നടമാടിയപ്പോൾ സഖാവ് കൃഷ്ണപിള്ളയും സഖാക്കളുമാണ് ജീവൻപോലും പണയംവെച്ച് രോഗികൾക്ക് താങ്ങായി നിന്നത്. മഹാമാരി ദുരിതം വിതച്ചുപോയയിടങ്ങളിൽ ഓടിയെത്തി ആശ്വാസമേകിയത് കമ്യൂണിസ്റ്റുകാരായിരുന്നു.

ഓരോ പാർടി അംഗവും പാർടിക്ക് ലെവി നൽകുന്നതുപോലെ ദുരിതനിവാരണത്തിനായും ഒരു നിശ്ചിതസംഖ്യ തന്റെ വരുമാനത്തിൽനിന്ന് കൊടുക്കണമെന്ന് പ്രഖ്യാപിച്ചത് കൃഷ്ണപിള്ളയായിരുന്നു. അക്കാലത്ത് സഖാവ് പാർടി അംഗങ്ങൾക്കയച്ച ഒരു കുറിപ്പിന്റെ ഉള്ളടക്കം മഹാമാരിക്കാലത്ത് കൂടുതൽ കർമ്മനിരതരായി ജനങ്ങളിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു. രോഗികളെ ശുശ്രൂഷിക്കാനും ചികിത്സ ഉറപ്പുവരുത്താനും സഖാക്കൾ മുന്നിട്ടിറങ്ങണമെന്നായിരുന്നു നിർദ്ദേശം. റേഷൻ വാങ്ങാൻ കഴിവില്ലാത്ത സാധുക്കളെ സഹായിക്കാനായി കഴിവുള്ളവരിൽ നിന്നും സംഭാവന പിരിക്കണമെന്നും വൈദ്യസഹായകേന്ദ്രങ്ങളുടെ നടത്തിപ്പിനും സൗജന്യമായി മരുന്നുവിതരണം ചെയ്യുന്നതിനും കൂടി ഈ സംഖ്യ ഉപയോഗിക്കണമെന്നും ഇതിനൊക്കെ പ്രാദേശികമായി സഖാക്കൾ മുന്നിട്ടിറങ്ങണമെന്നും കൃഷ്ണപിള്ള അന്ന് പാർടി അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ന് മറ്റൊരു മഹാമാരിക്കാലത്ത് നമ്മൾക്കാകെ വഴികാട്ടിയാവുന്നതും സഖാവ് പി കൃഷ്ണപിള്ളയുടെ അന്നത്തെ വാക്കുകളും പ്രവൃത്തികളും തന്നെയാണ്.

Show Full Article
TAGS:comrade krishnapilla day krishnapilla 
Next Story