സമഗ്ര ഗതാഗത പദ്ധതി കോഴിക്കോടിന് രണ്ട് മെട്രോ റൂട്ട്: വെസ്റ്റ്ഹിൽ-രാമനാട്ടുകര, മെഡി. കോളജ് -ബീച്ച്
text_fieldsകോഴിക്കോട്: രണ്ട് മെട്രോ റെയിൽ കോറിഡോറുകൾ ഉൾപ്പെടുത്തി കോഴിക്കോടിന്റെ സമഗ്ര ഗതാഗത പദ്ധതിയുടെ (കോമ്പ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) കരട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയാറാക്കി.
വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ച് വെസ്റ്റ്ഹിൽ -നടക്കാവ് -മീഞ്ചന്ത -ചെറുവണ്ണൂർ -രാമനാട്ടുകര (19 കി.മീറ്റർ), കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ച് മെഡിക്കൽ കോളജ് -തൊണ്ടയാട് -ബീച്ച് (8.1 കി.മീറ്റർ) എന്നിവയാണ് ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവത്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാകില്ലെന്നും എന്നാൽ സാധാ മെട്രോയാണോ ലൈറ്റ് മെട്രോയാണോ അനുയോജ്യമെന്നത് പിന്നീട് തീരുമാനിക്കുമെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ്ങും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റയും ഉന്നതതല യോഗശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.
മുമ്പ് മെഡിക്കൽ കോളജ് -മാവൂർ റോഡ് -മീഞ്ചന്ത റൂട്ടാണ് പരിഗണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പെഷൽ ഓഫിസറെ നിയമിക്കുകയും കോഴിക്കോട്ട് ഓഫിസ് തുടങ്ങുകയും ചെയ്തിരുന്നു. ഇത് ഒഴിവാക്കിയാണ് പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് റൂട്ടുകൾ പരിഗണിച്ചത്. രണ്ടാം ഘട്ടത്തിൽ നടക്കാവ് -കുന്ദമംഗലം (12.8 കി.മീറ്റർ), വേങ്ങേരി -രാമനാട്ടുകര (17.8 കി.മീറ്റർ) എന്നീ റൂട്ടുകളാണ് പരിഗണിക്കുക. ഓരോ സ്റ്റേഷനനോട് ചേർന്നും ചുരുങ്ങിയത് 25 സെന്റ് സ്ഥലമെങ്കിലും വാഹന പാർക്കിങ്ങിന് മാത്രം വേണമെന്നതിനാൽ എവിടെയൊക്കെയാവും സ്റ്റേഷനുകൾ എന്നതിൽ തീരുമാനമായിട്ടില്ല. സ്റ്റേഷനും പാർക്കിങ്ങിനും സ്ഥലം ഏറ്റെടുക്കേണ്ടിവരും.
എലിവേറ്റഡ് പാത ആയതിനാലും റൂട്ട് പൊതുവെ നിലവിലുള്ള റോഡിലൂടെയാവുമെന്നതിനാലും ഈ ഇനത്തിൽ കൂടുതൽ ഭൂമി വേണ്ടിവരില്ല. ഭാവിയിലെ വികസന പദ്ധതികൾ, വാഹനപ്പെരുപ്പം, ജനസംഖ്യ എന്നിവ പരിഗണിച്ചാവും വിശദ പദ്ധതിരേഖ തയാറാക്കുക.
അതിൽ സാങ്കേതിക വിദ്യകൾ അടക്കമുള്ള കാര്യങ്ങൾ പ്രതിപാദിക്കുക. ഇതിന് മുമ്പ് പദ്ധതിയുടെ കരട് കോർപറേഷൻ കൗൺസിൽ, ജില്ല ഭരണകൂടം, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവർ അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ഏഴുമാസത്തോളം വേണ്ടിവരും. രാജ്യത്തിന്റെ മെട്രോ പോളിസി മാനദണ്ഡങ്ങൾക്കനുസൃതമായാവും ഡി.പി.ആർ തയാറാക്കുകയെന്നും ഇരുവരും കൂട്ടിച്ചേർത്തു.
മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം അനിവാര്യം -ലോകനാഥ് ബെഹ്റ
കോഴിക്കോട്: കോഴിക്കോടിന് മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം അനിവാര്യമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോകനാഥ് ബെഹ്റ. വേഗത്തിൽ നഗരവത്കരണം നടക്കുന്ന നഗരങ്ങളിൽ ഒന്നാണ് മിനി മുംബൈ എന്നറിയപ്പെടുന്ന കോഴിക്കോട്. പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതൽ ഡേറ്റ പരിശോധിച്ചേ തീരുമാനിക്കാൻ കഴിയൂ. കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്നും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
ലാഭം നോക്കിയല്ല പദ്ധതി നടപ്പാക്കുക -മേയർ ബീന ഫിലിപ്
കോഴിക്കോട്: നഗരത്തിന്റെ ഗതാഗതക്കുരുക്കിനുള്ള ബദൽ സംവിധാനമാണ് മെട്രോയെന്നും സാമൂഹിക പ്രസക്തിയുള്ളതിനാൽ ലാഭം മാത്രം നോക്കിയല്ല പദ്ധതി നടപ്പാക്കുകയെന്നും മേയർ ഡോ. ബീന ഫിലിപ്. സർക്കുലർ ബസ് സർവിസുകൾ, സിറ്റി ബസ് സർവിസുകളുടെ പുനർവിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പാർക്കിങ് ഇടങ്ങൾ ഒരുക്കൽ എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്പോൾ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതുണ്ടെന്നും മേയർ വിശദീകരിച്ചു.
രണ്ട് കോറിഡോർ തീരുമാനിച്ചത് തിരക്ക് പരിഗണിച്ച് -കലക്ടർ
കോഴിക്കോട്: ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ചശേഷമാണ് രണ്ട് മെട്രോ കോറിഡോറുകൾ തീരുമാനിച്ചതെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്. കരട് നിർദേശം കോർപറേഷൻ കൗൺസിൽ ചർച്ച ചെയ്ത് പാസാക്കിയശേഷം സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. തുടർന്ന് വിശദ പദ്ധതിരേഖ തയാറാക്കും. 50 - 60 വർഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുൻകൂട്ടി കണ്ടാണ് പദ്ധതി തയാറാക്കുന്നതെന്നും കലക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

