തിരുവനന്തപുരം/കോട്ടയം: പരശുറാം എക്സ്പ്രസുകൾ പൂർണമായി റദ്ദാക്കിയത് പിൻവലിച്ചു. ഇവ മേയ് 22 മുതൽ 28 വരെ മംഗളൂരു മുതൽ ഷൊർണൂർ വരെ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പരശുറാം എക്സ്പ്രസുകൾ പൂർണമായി റദ്ദാക്കിയത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.
മംഗളൂരുവിൽ നിന്ന് പുലർച്ച 5.05ന് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് (16649) രാവിലെ 11.10ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ മുതൽ നാഗർകോവിൽ വരെയുള്ള സർവിസാണ് റദ്ദാക്കിയത്.
മടക്കയാത്രയും ഷൊർണൂരിൽ നിന്നാണ് ആരംഭിക്കുക. ഷൊർണൂരിൽ നിന്ന് ഉച്ചക്ക് 2.05ന് യാത്ര തുടങ്ങുന്ന പരശുറാം എക്സ്പ്രസ് (16650) രാത്രി 9.10ന് മംഗളൂരുവിൽ എത്തിച്ചേരും.
പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി റദ്ദാക്കുന്ന വേണാട് എക്സ്പ്രസിന് പകരം കൊല്ലം- ചങ്ങനാശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ സ്പെഷൽ മെമു സർവിസ് നടത്തും. വേണാട് എക്സ്പ്രസ് 24 മുതൽ 28 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
24 മുതൽ 28 വരെ കൊല്ലം ജങ്ഷനും ചങ്ങനാശ്ശേരിക്കും ഇടയിലാകും ട്രെയിൻ സർവിസ്. ഈ ദിവസങ്ങളിൽ രാവിലെ 6.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ-06302) 7.55ന് ചങ്ങനാശ്ശേരിയിലെത്തും. ചങ്ങനാശ്ശേരിയിൽനിന്ന് രാത്രി 7.04നാകും മടക്കയാത്ര. ചങ്ങനാശ്ശേരിയിൽനിന്ന് 7.04ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.43ന് കൊല്ലത്ത് എത്തും.