ആ പരാതി തയാറാക്കിയത് പൊലീസ്; വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്ന് -സവാദിന്‍റെ ഭാര്യാപിതാവ്
text_fieldsകാസർകോട്: രണ്ട് കുടുംബങ്ങളിലായി 11 പേരെ കാണാനില്ലെന്ന പരാതി പൊലീസ് തയാറാക്കിയതാണെന്ന് സവാദിന്‍റെ ഭാര്യ പിതാവ് അബ്ദുൽ ഹമീദ്. മീഡിയവൺ ചാനലിനോടാണ് അബ്ദുൽ ഹമീദ് ഇക്കാര്യം പറഞ്ഞത്. സ്റ്റേഷനിൽ വിളിച്ച് വരുത്തി പൊലിസ് തയാറാക്കിയ പരാതിയിൽ നിർബന്ധിച്ച് തന്നെ കൊണ്ട് ഒപ്പു വെപ്പിക്കുകയായിരുന്നു. എൻ.ഐ.എയുടെ നിർദേശ പ്രകാരമാണ് പരാതി ഒപ്പിട്ട് വാങ്ങിയതെന്ന് പോലീസ് പറഞ്ഞതായും അബ്ദുൽ ഹമീദ് പറഞ്ഞു.
ആ സമയത്ത് എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചുനോക്കിയിരുന്നില്ല. വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. മകളെയും ഭര്‍ത്താവിനെയും കാണുന്നില്ലെന്ന രീതിയിലും താന്‍ പൊലീസില്‍ പരാതിപെട്ടെന്നുമായിരുന്നും വാര്‍ത്തകള്‍. അത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഹമീദ് പറഞ്ഞു.
താന്‍ കാണാതായി എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. രണ്ടുദിവസം മുമ്പുപോലും മകളുമായി താന്‍ ഫോണില്‍ സംസാരിച്ചതാണ്. തന്‍റെ മകളെയും കുടുംബത്തെയും കാണാനില്ലെന്ന പരാതി താന്‍ കൊടുത്തു എന്നാണ് പൊലീസ് പറഞ്ഞത്. അവര്‍ യമനിലേക്ക് പഠനത്തിനായി പോകുന്നുവെന്ന് വിവരം തങ്ങളെ അറിയിച്ചതാണ്. അവിടെയെത്തിയ ശേഷവും നിരന്തരം വിളിക്കാറുണ്ടായിരുന്നു. പിന്നെയെന്തിന് താന്‍ അങ്ങനെയൊരു പരാതി നല്‍കണമെന്നും ഹമീദ് ചോദിക്കുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചതുകൊണ്ടാണ് സ്റ്റേഷനില്‍ പോയത്. പൊലീസുകാര്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും താന്‍ അതിന് മറുപടി നല്‍കുകയും ചെയ്തു. താന്‍ സംസാരിച്ചതിന്റെ മൊഴിപകര്‍പ്പാണെന്ന് കരുതിയാണ് ഒപ്പിട്ട് നല്‍കിയത്. പൊലീസുകാര്‍ തയ്യാറാക്കിയ കള്ള പരാതിയാണ് അതെന്ന് അറിയില്ലായിരുന്നു. അടുത്ത ദിവസം പൊലീസുകാര്‍ വീട്ടില്‍ വന്ന് മറ്റൊരു പരാതിയില്‍ ഒപ്പ് വെപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്നും ഹമീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
