സംവരണ വാർഡ് നിർണയത്തിലെ അപാകത; ഹരജി പ്രവാഹം
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ് നിർണയം പൂർത്തിയായതോടെ വ്യാപക പരാതികൾക്കും തുടക്കമായി. രണ്ടു തവണയും അതിലേറെയും തുടർച്ചയായി സംവരണ മണ്ഡലങ്ങളായിരുന്നവ വീണ്ടും സംവരണമായതാണ് പലയിടത്തും പ്രശ്നമായിരിക്കുന്നത്.
ഇത്തരം വാർഡുകളുടെ സംവരണനില പുനർനിർണയിക്കണമെന്നാവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതിയിലേക്ക് പ്രവഹിക്കുകയാണ്. സംവരണ നിർണയം ആരംഭിക്കുംമുമ്പേ ലഭിച്ച ഹരജികളും കോടതിയിലുണ്ട്.
പല വാർഡുകളുടേയും പേരും നമ്പറും മാറിയതാണ് സംവരണ വാർഡ് നിർണയ വിഷയത്തിൽ അധികൃതർക്കും നേതാക്കൾക്കും വോട്ടർമാർക്കും തലവേദനയാവുന്നത്. ഒരു വാർഡിലെ ഭൂരിപക്ഷം അംഗങ്ങളെയും ഉൾപ്പെടുത്തി പുതുതായി മറ്റൊന്ന് ഉണ്ടാക്കുമ്പോൾ പോലും ആ വാർഡിന്റെ പേരിൽ പഴയ നമ്പർ നിലനിൽക്കാത്തതാണ് സംവരണ നിർണയത്തിൽ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. രണ്ടിലേറെ തവണ തുടർച്ചയായി ഒരു വാർഡ് സംവരണമായിരുന്നെങ്കിൽ അതിനെ നറുക്കെടുപ്പിൽ ഉൾപ്പെടുത്താതെ ജനറലായി പരിഗണിക്കുകയാണ് ചെയ്തുവരാറുള്ളത്.
എന്നാൽ, പുതിയ വാർഡ് നമ്പറിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ പലയിടത്തും സംവരണ നിർണയത്തിനുള്ള നറുക്കെടുപ്പിൽ ഇത്തരം വാർഡുകൾ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ വാർഡിൽ ഉൾപ്പെടുന്ന ഭൂരിപക്ഷം വോട്ടർമാർ ഏത് വാർഡിൽനിന്നാണോ ആ വാർഡിന്റെ മുൻ തെരഞ്ഞെടുപ്പുകളിലെ സംവരണ ചരിത്രം നോക്കി വേണം ജനറൽ, സംവരണ വിഭാഗം തിരിക്കേണ്ടതെന്നാണ് നിർദേശമെങ്കിലും ചിലയിടങ്ങളിൽ ഇത് പാലിക്കപ്പെടാതെപോയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ വാർഡായിരുന്നവ വിഭജിച്ചപ്പോൾ അതിലെ ഭൂരിപക്ഷം വോട്ടർമാരും ഉൾപ്പെട്ട പുതിയ വാർഡുകൾ വീണ്ടും ജനറലായ സംഭവങ്ങളുമുണ്ട്. ഉദ്യോഗസ്ഥർക്കിടയിലെ ആശയക്കുഴപ്പങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കുമെന്ന് കരുതുന്ന സാഹചര്യത്തിൽ എത്രയും വേഗം കോടതിയെ സമീപിച്ച് പരിഹാരം കാണാനുള്ള ശ്രമമാണ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഇത്തരം വിഷയങ്ങളിൽ കോടതികൾ ഇടപെടാറില്ല. ഒക്ടോബർ 13ന് ആരംഭിച്ച് 21നാണ് തദ്ദേശ സ്ഥാപനങ്ങളുടെ സംവരണ വാർഡ് നിർണയം പൂർത്തിയായത്.
ഹരജികൾ തള്ളിയതിനെതിരായ അപ്പീലുകൾ സ്വീകരിച്ചു
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം ചോദ്യം ചെയ്യുന്ന ഹരജികൾ തള്ളിയതിനെതിരായ അപ്പീലുകൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ഉദുമ, എ.ആർ നഗർ, കഠിനംകുളം, വള്ളിക്കുന്ന്, വിജയപുരം, പെരുംകടവിള എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് സിംഗിൾ ബെഞ്ച് തള്ളിയത്.
വാർഡ് വിഭജനം സംബന്ധിച്ച വിഷയങ്ങൾ കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും ഇടപെടാനാവില്ലെന്നും വ്യക്മാക്കിയാണ് ഹരജി തള്ളിയത്. എന്നാൽ രാഷ്ട്രീയ താൽപര്യത്തോടെ, പക്ഷപാതപരമായാണ് വാർഡ് വിഭജനം നടത്തിയതെന്നും കോടതി ഇടപെടൽ അനിവാര്യമാണെന്നുമാണ് അപ്പീൽ ഹരജിയിലെ ആവശ്യം.
ഹരജിക്കാരുടെ പഞ്ചായത്തുകളിലെ വാർഡ് വിഭജനം അപ്പീലുകളിലെ തീർപ്പിന് വിധയമായിരിക്കുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹരജി വിശദ വാദത്തിനായി ഒക്ടോബർ 27ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

