പാലക്കാടിന് പിന്നാലെ പൂഞ്ഞാറും: അരുവിക്കരയിലെ വീടുകളിൽ വോട്ടിന് പണം നൽകുന്നതായി പരാതി
text_fieldsകോട്ടയം: പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ കോട്ടയം പൂഞ്ഞാറിലും വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയായ മുഹമ്മദ് ഷാജി അരുവിക്കരയിലെ ഒരു വീട്ടിൽ പണം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിച്ചതിനെതിരെ വീട്ടുടമയും ഷാജിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.
ഷാജി ബി.ജെ.പിയുടെ സജീവ പ്രവർത്തകനും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയും മണ്ഡലം ഭാരവാഹിയും മുൻസിപ്പൽ പ്രസിഡന്റുമാണ്. മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽനിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചയാളുമാണ്. അരുവിക്കരയിൽ പ്രദേശത്തെ പല വീടുകളിലും ഇയാൾ പണം നൽകിയാതായി വിവരമുണ്ട്. പണം നൽകി വോട്ടുവാങ്ങുന്നത് സംബന്ധിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നൽകും.
നേരത്തെ പൂഞ്ഞാർ ബി.ജെ.പി സ്ഥാനാർഥി പി.സി. ജോർജിന് വേണ്ടിയാണ് പണം നൽകി വോട്ടു പിടിക്കുന്നതെന്നും ആരോപണമുണ്ട്. മുമ്പ് പൂഞ്ഞാറിൽ പല സ്ഥാലങ്ങളിലും വീട്ടമ്മമാരെ സാരി നൽകി വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച് ചിത്രങ്ങൾ സഹിതം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈരാട്ടുപേട്ടയിൽ പണം നൽകി വോട്ടു പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിനായി പണം നൽകിയെന്ന കേസിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന എൻ.ഡി.എ പ്രതിനിധിക്കെതിരെയാണ് കേസെടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആർ. നിലവിൽ പണം നൽകിയ സ്ത്രീയുടെ പേര് പ്രതിപട്ടികയിൽ ചേർത്തിട്ടില്ല. ശോഭ സുരേന്ദ്രന്റെയും മറ്റും പേരും എഫ്.ഐ.ആറിൽ ചേർത്തിട്ടില്ല. പ്രതി കേരളം വിട്ടുവെന്നുമാണ് സൂചന. പാലക്കാട് സ്വദേശിയായ സ്ത്രീയാണ് പണം നൽകിയെതെന്നും അവർ മുബൈയിലാണ് താമസമെന്നും വിമാനം വഴി മുബൈക്ക് പോയെന്നും പറയുന്നു. ആദ്യം പണം നൽകിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം അവരുടെ വല്ല്യമ്മക്ക് നൽകിയെന്ന് മാറ്റി പറയുകയായിരുന്നു. ഇതിനിടെ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. പണം നൽകിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.
ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം നിൽക്കുന്ന ഇവരുടെ ഫോട്ടോ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴുള്ളതാണ്. ഈ ഫോട്ടോ ഇവരുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നതാണ്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് പറയുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും ശോഭ പറഞ്ഞിരുന്നു.
കണ്ണാടി മേഖലയിൽ ബി.ജെ.പി പണം വിതരണം ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തുകയായിരുന്നു. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

