‘ചില ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നു’; ജയിലുകളിൽ പണപ്പിരിവും അഴിമതിയുമെന്ന് പരാതി പ്രളയം
text_fieldsതിരുവനന്തപുരം: സ്ഥലംമാറ്റത്തിന് പണപ്പിരിവും വ്യാപക അഴിമതിയുമാണ് പല ജയിലുകളിലും തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി പരാതി പ്രളയം. സംസ്ഥാനത്തെ വിവിധ ജയിലുകൾ കേന്ദ്രീകരിച്ചുള്ള അഴിമതികൾ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് പ്രവാഹമാണ് ജയിൽ വകുപ്പിലേക്കും ആസ്ഥാനത്തേക്കുമെന്നാണ് വിവരം. ചില ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നെന്നും സർവിസിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥർ ഇപ്പോഴും വകുപ്പിൽ സ്വാധീനം തുടരുകയാണെന്നും ആരോപണമുണ്ട്. വിരമിച്ച ജയിൽ സൂപ്രണ്ടിന്റെ പേരിൽ പണപ്പിരിവും ഭീഷണിയും നടക്കുന്നതായും പരാതിയുണ്ട്.
ചില ജയിൽ ഉദ്യോഗസ്ഥർ തടവുകാരുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയെന്നും ഇത്തരം തടവുകാർക്ക് ജയിലുകളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നുവെന്ന ആരോപണങ്ങളും ഊമക്കത്തുകളിലുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പരാമർശിച്ചുള്ള പരാതിയുമുണ്ട്. കഴിഞ്ഞകാലത്ത് ജയിലുകൾ കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളും പല പരാതികളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില ജയിലുകളിൽ സുപ്രധാന സ്ഥാനങ്ങളിൽ വർഷങ്ങളായി തുടരുന്ന ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞുള്ള പരാമർശങ്ങളുമുണ്ട്. എന്നാൽ ജയിൽ ഉദ്യോഗസ്ഥരുടെ കോൺഗ്രസ് അനുകൂല സംഘടനയിലെ ഗ്രൂപ്പ് പോരാണ് ഈ പരാതികൾക്ക് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. അതിന് പുറമെ സംഘടന തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നെന്ന ആരോപണവും ഉയരുന്നുണ്ട്.
ഈ പരാതികളുടെയും ഊമക്കത്തുകളുടേയും അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ചും വിജിലൻസും രഹസ്യാന്വേഷണം ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞദിവസം ജയിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജയിലുകളിൽ ഉദ്യോഗസ്ഥർ കൈക്കൊള്ളേണ്ട നിലപാട് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. അർഹർക്ക് പരോൾ അനുവദിക്കണമെന്നും അർഹതയുള്ളവർക്ക് അത് നഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയും ജയിലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികൾ സംബന്ധിച്ച് പരാതികൾ പുറത്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

