ആശുപത്രികൾക്കെതിരായ പരാതികൾ ഉപഭോക്തൃ കോടതിക്കും പൊലീസിനും ചീഫ് സെക്രട്ടറിക്കും നൽകാം -ഹൈകോടതി
text_fieldsകൊച്ചി: ചികിത്സയിലെ അപാകതകളും ന്യൂനതകളും സംബന്ധിച്ച് ആശുപത്രികൾക്കെതിരായ പരാതികൾ ഉപഭോക്തൃ കോടതിയിലും സമർപ്പിക്കാമെന്ന് ഹൈകോടതി. പരാതികൾ ചികിത്സയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും വഞ്ചനയുമായി ബന്ധപ്പെട്ടതാണെങ്കിൽ പൊലീസിനെയും സമീപിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികൾ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹരജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഇതിനുപുറമെ പരാതിപരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. പരാതിക്ക് രസീത് നൽകുകയും ഏഴുദിവസത്തിനകം തീർപ്പാക്കുകയും വേണം. പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒക്ക് സമർപ്പിക്കണം. തീർപ്പാകാത്ത പരാതികൾ ജില്ല രജിസ്ട്രേഷൻ അതോറിറ്റിയുടെ (ഹെൽത്ത്) തീർപ്പിന് വിടണം. നിർദേശങ്ങൾ പാലിക്കാത്തപക്ഷം ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരവും തേടാം.
നിയമത്തിലെ പല നിർദേശങ്ങളെയും എതിർത്തുകൊണ്ടായിരുന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അടക്കമുള്ള ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഫീസ് നിരക്ക് പ്രദർശിപ്പിക്കണം, ജീവനക്കാരുടെ വിവരം കൈമാറണം, അടിയന്തര ചികിത്സ ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥകളെയാണ് പ്രധാനമായും ചോദ്യംചെയ്തത്.
ചികിത്സക്ക് വേണ്ടിവരുന്ന നിരക്ക് മുൻകൂട്ടി നിർണയിക്കാനാകില്ലെന്നും രോഗത്തിന്റെ സ്വഭാവമനുസരിച്ച് മാറ്റംവരുമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. ജീവനക്കാരുടെ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളെല്ലാം കോടതി തള്ളി.
നിയമം നിലവിൽവന്ന് എട്ടുവർഷം ആകാറായിട്ടും അതിലെ വ്യവസ്ഥകൾ നടപ്പാക്കാത്ത ആശുപത്രികളെ കോടതി വിമർശിച്ചു. പൗരന്മാർക്ക് ഏറെ ഗുണകരമായ സർക്കാറിന്‍റെ തീരുമാനം ചോദ്യംചെയ്ത് നിയമനടപടിക്കിറങ്ങിയതിന് വലിയ പിഴ ഈടാക്കുകയാണ് വേണ്ടത്.
എന്നാൽ, അതിന് മുതിരുന്നില്ലെന്നും വ്യക്തമാക്കി. നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കൈമാറണമെന്നും ഇവർ ഉചിതമായ വിജ്ഞാപനമിറക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. പ്രധാന വ്യവസ്ഥകൾ ഒരുമാസത്തിനകം മലയാളം, ഇംഗ്ലീഷ് പത്ര, ദൃശ്യമാധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. നടപടി റിപ്പോർട്ട് ഒരുമാസത്തിനകം കോടതിയിൽ സമർപ്പിക്കണമെന്നും ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

