രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി
text_fieldsകണ്ണൂര്‍: ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഡി.ജി.പിക്ക് പരാതി നൽകി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുള്ളത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് പരാതിയിൽ പറയുന്നു. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും മതവിഭജനവും വിദ്വേഷവും വളർത്തുകയും തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

