'അയ്യപ്പ ഭക്തരെ വേദനിപ്പിച്ചു'; പോറ്റിയേ..കേറ്റിയേ എന്ന പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി; നടപടി വേണമെന്ന് സി.പി.എമ്മും
text_fieldsശബരി മല സ്വർണകൊള്ളയിൽ പാർലമെന്റിന് മുന്നിൽ 'പോറ്റിയേ..കേറ്റിയേ..' എന്ന പാരഡി ഗാനം പാടി പ്രതിഷേധിക്കുന്ന യു.ഡി.എഫ് എം.പിമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണായുധമാക്കായി 'പോറ്റിയേ..കേറ്റിയേ..' എന്ന പാരഡി ഗാനത്തിനെതിരെ ഡി.ജി.പിക്ക് പരാതി. ഭക്തിഗാനത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വികലമായി ഉപയോഗിച്ചുവെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്.
എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് തോൽവിയിൽ വലിയ ക്ഷീണമായി ഇപ്പോഴും സമൂഹമാധ്യങ്ങളിൽ നിറയുന്ന പാട്ടിനെതിരെ സി.പി.എമ്മും രംഗത്തുവന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഗാനമെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
അയ്യപ്പ പാട്ടിന്റെ പാരഡി ഗാനത്തിലാണ് കോൺഗ്രസ് ഊന്നിയതെന്നും മൈക്ക് അനൗൺസ്മെന്റുകളിൽ പോലും ശരണം വിളി മന്ത്രങ്ങൾ കൊണ്ട് നിറയക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം നേതാവ് എ.എ. റഹീം എം.പിയും പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലുടനീളം തങ്ങൾ പറയാൻ ശ്രമിച്ചത് ക്ഷേമവും വികസനവും ഇനിയും നടപ്പിലാക്കാൻ പോകുന്ന നവകേരളത്തെകുറിച്ചുമാണ്. എന്നാൽ അവർ പറയാൻ ശ്രമിച്ചത് പൂർണമായും വിശ്വാസമാണ് റഹീം പറഞ്ഞു.
നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.
ഓർമയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സർക്കാറിന്റെ നയങ്ങൾക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകൾ തിരുത്താൻ അവർ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാർ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു. നാട്ടിൽനിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടർച്ചയായി വിളിച്ച് സന്തോഷങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

