മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിലെങ്കിലും ചെലവിന് പണം പിരിച്ചതായി പരാതി
text_fieldsലയണൽ മെസ്സി
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പിരിവ് നടന്നതായി പരാതി. മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എ.കെ.ജി.എസ്.എം.എ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിർമ്മിച്ച് ഒട്ടേറെ ജ്വല്ലറികളിൽ നിന്നും 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച് പണം തട്ടിയതായാണ് പരാതി.
കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗമാണ് കോടികള്‍ പിരിച്ചെടുത്തതെന്ന് എ.കെ.ജി.എസ്.എം.എ ആരോപിച്ചു. കായിക മന്ത്രിയോടൊപ്പം വാർത്ത സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിന്‍ വിഭാഗം പ്രചരണവും നടത്തിയിരുന്നു. അതിനിടെ, മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും സ്‌പോണ്‍സര്‍മാരോട് പണം വേഗത്തില്‍ അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ കരാർ തുക അടക്കാത്തതിനാൽ ഒക്ടോബറിൽ കേരളത്തിൽ പന്തുതട്ടാൻ അർജന്‍റീന ഫുട്ബാൾ ടീമും മെസ്സിയും വരില്ലെന്നായിരുന്നു വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

