ബംഗാൾ ഗവർണറെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് വിലക്കിയത് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
text_fieldsകോട്ടയം: ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ബംഗാൾ ഗവർണർ ആനന്ദബോസിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.
ചങ്ങനാശ്ശേരി മന്നം സമാധിയിൽ തൊഴാനും പുഷ്പാർച്ചന നടത്താനും എല്ലാ ജനങ്ങൾക്കും അവകാശമുണ്ട്. എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ കാണുകയും സാമൂഹിക മാറ്റത്തിന് പൊതു ജീവിതം മാറ്റി വയ്ക്കുകയും ചെയ്ത മന്നത്തിന്റെ നിലപാടുകളെ ജാതി മത വ്യത്യാസമില്ലാതെ സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. മന്നം സമാധിയിൽ തൊഴാനും പുഷ്പാർച്ചന നടത്താനും ആർക്കും വിലക്ക് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ പുഷ്പാർച്ചന അനുവദിച്ചില്ലെന്ന ആനന്ദബോസ് പറയുന്നതിലെ വിവരങ്ങൾ പൊലീസിനെ കൊണ്ട് അന്വേഷിക്കേണ്ടതുണ്ട്.
ഭരണഘടന സ്ഥാപനത്തിന്റെ ഭാഗമായിട്ടുള്ള വ്യക്തി കൂടിയാണ് ആനന്ദബോസ് എന്നതും ഗവർണർ പദവിയിരുന്നുകൊണ്ട് ആനന്ദബോസ് നടത്തിയതുമായ വെളിപ്പെടുത്തലുകളിൽ സർക്കാറിന്റെ സ്വമേധയായുള്ള പരിശോധനകൾ ആവശ്യമാണ്. ഡൽഹിയിൽ നടന്ന മന്നം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ആനന്ദബോസ് തന്നെ ചങ്ങനാശ്ശേരി മന്നം സമാധിയിൽ പ്രവേശിപ്പിച്ചില്ലെന്ന വെളിപ്പെടുത്തൽ നടത്തിയത്.
ആനന്ദബോസിന് ചങ്ങനാശ്ശേരി മന്നം സമാധിയിൽ പുഷ്പാർച്ചന വിലക്ക് ഏർപ്പെടുത്തിയിരുന്നോയെന്നത് കൃത്യമായി അന്വേഷിക്കണമെന്നും മന്നം സമാധിയിൽ പൊതുജനങ്ങൾക്ക് സന്ദർശന വിലക്ക് ഇല്ലെന്ന് ഉറപ്പാക്കണമെന്നുമാണ് അഡ്വ. കുളത്തൂർ ജയ്സിങ് സർക്കാറിനോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

