മദ്യത്തിന് പേരിടൽ: മത്സരവും പുതിയ മദ്യ ബ്രാൻഡും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
text_fieldsപാലാ: ബിവറേജസ് കോർപറേഷന്‍റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനവിരുദ്ധവും അബ്കാരി ആക്ടിന്‍റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ബിവറേജസ് കോർപറേഷന്‍റെ മത്സരം റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഭരണഘടന അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവയുടെ ഉപയോഗം ഭരണകൂടത്തിന് നിരോധിക്കാമെന്നുള്ളതിനാൽ പുതിയ ബ്രാൻഡ് മദ്യം പുറത്തിറക്കുന്നത് ഉപേക്ഷിക്കണം. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം പരസ്യങ്ങളും അബ്കാരി ആക്ടിലെ വകുപ്പ് 55-എച്ച് പ്രകാരം നിരോധിച്ചിട്ടുണ്ട്. മത്സരം സംബന്ധിച്ച് സ്ഥാപനത്തിന്‍റെ വെബ്സൈറ്റുകളിൽ പരാമർശം നടത്താത്തത് നിയമവിരുദ്ധ നടപടി ആയതിനാലാണെന്നും ഫൗണ്ടേഷൻ ആരോപിച്ചു.
2007ൽ എബി ജെ. ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ‘വൈകിട്ടെന്താ പരിപാടി’ എന്ന ടാഗ് ലൈനോടെ നടൻ മോഹൻലാൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒറിജിനൽ ചോയ്സ് എന്ന ബ്രാണ്ടി ബ്രാൻഡിനുള്ള ലൈസൻസ് സർക്കാർ റദ്ദാക്കിയത്. അന്ന് ബസുകളിൽ പ്രദർശിപ്പിച്ചിരുന്ന പരസ്യങ്ങൾ കെ.എസ്.ആർ.ടി.സിയും പിൻവലിച്ചു.
പ്രതിഷേധാർഹമെന്ന് കുരുവിള മാത്യൂസ്
തിരുവനന്തപുരം: സർക്കാർ ഡിസ്റ്റിലറികളിൽ നിർമിക്കുന്ന മദ്യത്തിന്റെ പേരും ലോഗോയും നിർദ്ദേശിക്കുന്നതിന് മത്സരം നടത്താനുള്ള ഇടതു സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ്. മദ്യത്തിന് പരസ്യം പാടില്ലെന്നുള്ള നിയമം നിലനിൽക്കെയാണ് അബ്കാരി ചട്ടലംഘനം സർക്കാർ തന്നെ നടത്തുന്നത്. ഇത് പിൻവലിക്കണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. മദ്യവും മറ്റ് ലഹരി വസ്തുക്കളും സാമൂഹിക തിന്മയാണെന്നിരിക്കേ പുതുവത്സരഘോഷങ്ങളുടെ പേരിൽ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതിലും ദുരൂഹതയുണ്ടെന്ന് കുരുവിള മാത്യൂസ് പറഞ്ഞു.
പുതിയ തലമുറയെ മദ്യത്തിന് അടിമപ്പെടുത്താൻ ശ്രമം: ഗാന്ധിദർശൻ സമിതി
തിരുവനന്തപുരം: പുതിയ സർക്കാർ മദ്യത്തിന് പുതിയ പേര് നിർദ്ദേശിച്ചു പരസ്യം നൽകുന്നതു വഴി പുതിയ തലമുറയെ മദ്യലഹരിക്ക് അടിമപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഗാന്ധിദർശൻ സമിതി. പുതിയ തലമുറയെ മദ്യ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ട സർക്കാർ തന്നെ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി ലഹരിക്ക് അടിമകളാക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഈ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി സമൂഹത്തോട് മാപ്പു പറയണമെന്നും ഗാന്ധിദർശൻ സമിതി പ്രസിഡന്റ് വി.സി കബീർ, ജനറൽ സെക്രട്ടറി പരശുവയ്‌ക്കൽ രാധാകൃഷ്‌ണൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

