അട്ടപ്പാടിയിലെ വട്ടലക്കിയിൽ ആദിവാസി ഭൂമി കൈയേറിയതായി മുഖ്യമന്ത്രിക്ക് പരാതി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ വട്ടലക്കിയിൽ ആദാവിസ ഭൂമി കൈയേറി റോഡ് നർമിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. വട്ടലക്കി ലക്ഷംവീട് കോളനിയിലെ പൊന്നി, വെള്ളിങ്കിരി എന്നിവരാണ് ഈമാസം 13ന് പരാതി അയച്ചത്. ഇവരുടെ അച്ഛൻ രങ്കന്റെ പേരിൽ കോട്ടത്തറ വില്ലേജിൽ 331/ 1ൽ ഉൾപ്പെട്ട ഭൂമിയിലാണ് കൈയേറ്റം നടന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
അഗളി ഗ്രാമപഞ്ചായത്തിൽ വടകോട്ടത്തറയിൽ താമസിക്കുന്ന മുരുകൻ എന്നയാൾ വെള്ളിയാഴ്ച (ഈമാസം -10ന്) രാത്രിയിൽ കുറെ ആളുകളെ കൂട്ടി ഭൂമി കൈയേറി റോഡ് നിർമിച്ചുവെന്നാണ് പരാതി. ഭൂമിയിൽ നിലവിലുണ്ടായിരുന്ന കമ്പിവേലി പൊളിച്ചാണ് അവർ റോഡ് നിർമിച്ചത്. കഴിഞ്ഞദിവസം തന്റെ മകൻ പൊളിച്ച കമ്പിവേലി കെട്ടിക്കൊണ്ടിരിക്കുമ്പോൾ മുരുകൻ എന്നയാൾ വന്ന ഭീഷണിപ്പെടുത്തി.
അപ്പോഴാണ് രാത്രിയിൽ ഭൂമി കൈയേറിയത് മുരുകനും കൂട്ടരും ആണെന്ന് മനസിലായത്. മുരുകൻ മറ്റ് അഞ്ചുപേരുമായി വന്നാണ് ഭീഷണിപ്പെടുത്തിയത്. വളരെ മോശമായ രീതിയിലാണ് ആദിവാസികളായ ഞങ്ങളോട് പെരുമാറിത്. ഭൂമിയിലൂടെ റോഡ് വെട്ടിയത് സംബന്ധിച്ച് പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ആദിവാസി ഇരുളവിഭാഗത്തിലെ അംഗമായ ഞങ്ങളുടെ ഭൂമി ജെ.സി.ബി ഉപയോഗിച്ച് രാത്രി കൈയേറുകയും നിലവിലുണ്ടായിരുന്ന വേലികൾ പൊളിക്കുകയും ചെയ്തു. അതിന് ശേഷം ഭീഷണിപ്പെടുത്തുകയാണ്. ഭൂമി കൈയേറാൻ ഉപയോഗിച്ച വാഹനം കണ്ടെത്തി, വേലി പൊളിച്ചതിനു നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടിയെടുക്കണം. ഭൂമി കച്ചവടക്കാരായ മുരുകന്റെ കൂടെയുണ്ടായിരുന്നവരുടെ പേരിൽ ആദിവാസികൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.