കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: അറസ്റ്റിലായ ആദിവാസി യുവാക്കളെ വനപാലകർ മർദിച്ചതായി പരാതി
text_fieldsrepresentational image
മൂന്നാർ: കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ അറസ്റ്റിലായ ആദിവാസി യുവാക്കളെ വനപാലകർ മർദിച്ചതായി പരാതി. കുണ്ടള സാൻഡോസ് പട്ടികവർഗ കോളനിയിലെ ശിവൻ, രഘു, കുമാർ എന്നിവരാണ് പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പരാതി നൽകിയത്.
ചെണ്ടുവരൈയിൽ രണ്ട് കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഇവരുൾപ്പെടെ ആറു പേരെ കഴിഞ്ഞ നാലിന് വനംവകുപ്പ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന മൂവരും ശനിയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്.
തങ്ങൾക്ക് കാട്ടുപോത്ത് വേട്ടയുമായി ഒരു ബന്ധവും ഇല്ലെന്നും മറ്റ് പ്രതികൾ മീൻപിടിക്കാൻ കുണ്ടളയിൽ വന്നിരുന്നതിനാൽ അവരുമായി ആ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും മർദിച്ചവർക്കെതിരെ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.