വിദ്യാർഥിയെ വനിതാ കണ്ടക്ടർ വഴിയിൽ ഇറക്കിവിട്ടെന്ന പരാതി; തെളിവ് ലഭിച്ചാൽ ഉടൻ നടപടിയെന്ന് സി.എം.ഡി
text_fieldsതിരുവനന്തപുരം; കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിയെ വനിതാ കണ്ടക്ടർ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന തരത്തിൽ മാധ്യമങ്ങളിലൂടെ പ്രചരിച്ച പരാതിയിൽ തെളിവ് ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കുമെന്ന് സിഎംഡി. സംഭവത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി വിജിലൻസ് ഓഫീസിർ നേരിട്ട് അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസ് ഓഫീസർ കഴിഞ്ഞ ദിവസം കുട്ടിയെ നേരിട്ട് കണ്ടിട്ട് തെളിവെടുത്തിട്ടും ആരോപണത്തിൽ ഉന്നയിക്കുന്ന പോലെ വനിതാ കണ്ടക്ടറെ തിരിച്ചറിയാനായിട്ടില്ല. ആ സമയം അഞ്ചോളം വനിതാ കണ്ടക്ടർമാരാണ് അത് വഴിയുള്ള ബസുകളിൽ ഡ്യൂട്ടി ചെയ്തിരുന്നത്.
സാധാരണ പരാതിയുള്ളവർ ബസ് നമ്പരോ- സമയമോ- റൂട്ടോ എന്നിവയുടെ വിശദമായ വിവരങ്ങൾ നൽകുന്ന അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരുന്നത്. ഈ സംഭവത്തിൽ ഈക്കാര്യങ്ങൾ ഒന്നും കുട്ടിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. വിദ്യാർഥിയുടെ പരീക്ഷ വെള്ളിയാഴ്ച കഴിയും. അതിന് ശേഷം വിദ്യാർഥിയുടെ സമയം കൂടെ പരിഗണിച്ച് വിജിലൻസ് ഓഫീസർ ഒന്ന് കൂടെ നേരിട്ട് വിദ്യാർഥിയുമായി സംഭവ സ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ സ്വീകരിക്കും.
സംഭവ സമയത്ത് യാത്ര ചെയ്തിരുന്ന യാത്രക്കാർക്ക് ആർക്കെങ്കിലും ഈക്കാര്യത്തിൽ കൂടുതൽ തെളിവുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി സിഎംഡിയേയോ, ഉദ്യോഗസ്ഥരേയോ അറിയിക്കണമെന്നും സി.എം.ഡി അറിയിച്ചു.
പൊതുജനങ്ങളോടെയോ, വിദ്യാർഥികളോടെയോ ഇങ്ങനെ അപമര്യാദയായി ഏതെങ്കിലും കണ്ടക്ടർമാർ പെരുമാറിയാൽ അവരെ കെ.എസ്.ആർ.ടി.സി സംരക്ഷിക്കുകയില്ല. ഇങ്ങനെ വാർത്തകൾ ഉണ്ടായാൽ ഉടൻ തന്നെ നടപടിയെടുക്കാറുണ്ട്. എന്നാൽ നിയമം അനുസരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും, കുറ്റാരോപിതരുടെ മൊഴി കൂടി കേട്ടതിന് ശേഷം മാത്രമേ നടപടിയെടുക്കാനാകുകയുള്ളൂ.
അല്ലാത്ത പക്ഷം കോടതിയിൽ ആക്കാര്യത്തിൽ ചോദ്യം ചെയ്യപ്പെടുകയും ചിലപ്പോൾ കോടതി മറിച്ച് കുറ്റാരോപിതരുടെ ഭാഗം കേട്ടില്ലെന്ന് കാട്ടി ഉത്തരവ് പോലും പിൻവലിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. അതിനാൽ മറ്റുള്ളവർ പ്രതീക്ഷിക്കും പോലെ ഉടനടി നടപടി സ്വീകരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. എന്നാൽ ചെയ്ത കാര്യം തെറ്റാണെന്ന് കണ്ടാൽ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സി.എം.ഡി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

