സ്വർണാഭരണങ്ങളുമായി ബിഹാർ സ്വദേശിനിയായ നവവധു മുങ്ങിയതായി പരാതി
text_fieldsrepresentational image
പഴയങ്ങാടി: നവവധുവായ ബിഹാർ സ്വദേശിനി സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞതായി ഭർത്താവ് പൊലീസിൽ പരാതി നൽകി. ബിഹാർ പട്ന സ്വദേശിയായ പിങ്കി കുമാരിയാണ് (26) സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്ത് മുങ്ങിയതെന്ന് ഭർത്താവ് ചെറുകുന്ന് കവിണിശ്ശേരിയിലെ വലിയ വളപ്പിൽ സുമേഷ് കണ്ണപുരം പൊലീസിൽ പരാതി നൽകി.
ഗൾഫിൽ ജോലി ചെയ്തുവരുന്നതിനിടയിൽ സഹ ജോലിക്കാരനായ ബിഹാർ സ്വദേശിയുടെ ഒത്താശയോടെയാണ് ബിഹാർ സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചതെന്നും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ രണ്ടു മാസം മുമ്പ് വിവാഹം കഴിഞ്ഞുവെന്നുമാണ് സുമേഷ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെ പിങ്കി വീടുവിട്ട് ഇറങ്ങിയെന്നും മൊബൈലിൽ ബന്ധപ്പെട്ടെങ്കിലും കെണ്ടത്താനായില്ലെന്നും പരാതിയിൽ പറയുന്നു. സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായും കർണാടക ടവർ ലൊക്കേഷൻ കാണിക്കുന്നതായും പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഉൗർജിതമാക്കി.

