സംസ്ഥാനത്ത് വാക്സിൻ വിതരണത്തിൽ വ്യാപക പരാതി; വിഷയമേറ്റെടുത്ത് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയരുന്ന സാഹചര്യത്തിൽ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നു. ആദ്യപടിയെന്ന നിലയിൽ അപാകതകൾ ചൂണ്ടിക്കാട്ടിയും പരിഹരിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോഗ്യമന്ത്രി വീണ ജോർജിന് കത്ത് നൽകി.
എല്ലാ ജില്ലകളിലും ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും പലർക്കും ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും നിമിഷങ്ങൾക്കുള്ളിൽ ബുക്കിങ് തീരുന്ന അവസ്ഥയാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വന്തം പഞ്ചായത്തിൽ തന്നെ വാക്സിൻ ലഭിക്കുന്നത് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ്. വാക്സിനേഷന് വേണ്ടി വിദൂര സ്ഥലങ്ങളിലേക്ക് യാത്രചെയ്യേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. രണ്ടാം ഡോസ് വേണ്ടവർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിങ് നടക്കുന്നില്ല.
വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നത് വിവിധ സമയങ്ങളിലാണ്. ഇത് ആളുകൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ ഒരു നിശ്ചിത സമയത്ത് മുൻകൂട്ടി അറിയിച്ചശേഷം നടത്തുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും.
വാക്സിൻ സംഭരണം, വിതരണം, മാനദണ്ഡങ്ങൾ എന്നിവ കുറെക്കൂടി സുതാര്യമാക്കണം. 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനും ബാക്കി ഓൺലൈൻ രജിസ്ട്രേഷനും ആക്കണമെന്ന നിർദേശം പരിഗണിക്കേണ്ടതാണ്. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റി രൂപവത്കരിക്കണം. കമ്മിറ്റിക്ക് സർക്കാർ സ്വകാര്യ മേഖലകളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാറിന് ശിപാർശ ചെയ്യാവുന്നതാണെന്നും പ്രതിപക്ഷനേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.