മകളുടെ ചികിത്സക്ക് പിരിച്ച പണം നൽകുന്നില്ലെന്ന് വീട്ടമ്മയുടെ പരാതി
text_fieldsകണ്ണൂർ: മകളുടെ കരൾ മാറ്റ ശസ്ത്രക്രിയക്കായി നാട്ടുകാരിൽനിന്ന് പിരിച്ച തുക മുഴുവൻ നൽകിയില്ലെന്ന പരാതിയുമായി വീട്ടമ്മ. പയ്യാവൂർ വലിയപറമ്പിൽ ടി.ആർ. വിജയമ്മയാണ് ചികിത്സ സഹായ കമ്മിറ്റിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഒമ്പതുകാരിയായ മകളുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് ജനപ്രതിനിധികൾ രക്ഷാധികാരികളും ഭാരവാഹികളുമായ കമ്മിറ്റി രൂപവത്കരിച്ച് 50 ലക്ഷത്തോളം സമാഹരിച്ചു. ഇതിൽ ശസ്ത്രക്രിയക്ക് ആവശ്യമായ 25 ലക്ഷം രൂപ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് കമ്മിറ്റി കൈമാറി. ആശുപത്രിക്ക് സമീപം മൂന്നു മാസത്തോളം വാടകക്ക് താമസിക്കേണ്ടി വന്നതിനാൽ 1.30 ലക്ഷം വേറെയും നൽകി.
തുടർ ചികിത്സയിനത്തിൽ ഇപ്പോൾ വൻ ചെലവുണ്ടായിട്ടും തുകയുടെ ബാക്കി കമ്മിറ്റി കുടുംബത്തിന് നൽകുന്നില്ലെന്ന് വിജയമ്മ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മാതാവിന്റെ കരളാണ് മകൾക്ക് കൈമാറിയത്. അതിനാൽ രണ്ടുപേർക്കും അണുബാധയേൽക്കാത്ത വിധമുള്ള സൗകര്യങ്ങളാണ് ഡോക്ടർമാർ നിർദേശിച്ചത്. പണം ചോദിച്ച് വരുമ്പോൾ ഭീഷണിപ്പെടുത്തുകയാണ് കമ്മിറ്റി ഭാരവാഹികൾ. തന്റെ അക്കൗണ്ടിൽ ലഭിച്ച തുക, താനുമായി അകന്നുനിൽക്കുന്ന ഭർത്താവിന്റെയും കമ്മിറ്റി ഭാരവാഹിയുടെയും പേരിലുള്ള പുതിയ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇവർ പറഞ്ഞു.
ഇതു സംബന്ധിച്ച് റൂറൽ എസ്.പിക്കും ചികിത്സ സഹായ കമ്മിറ്റി രക്ഷാധികാരി സജീവ് ജോസഫ് എം.എൽ.എക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു. വിജയമ്മയുടെ മകൾ, സഹോദരൻ സജി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

