മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി
text_fieldsപി.എം.എ സലാം, പിണറായി വിജയൻ
വാഴക്കാട് (മലപ്പുറം): മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‍ലിം ലീഗ് നേതാവ് പി.എം.എ.സലാമിനെതിരെ പൊലീസിൽ പരാതി. ആക്കോട് സ്വദേശി സെയ്ത് മുഹമ്മദാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്. പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.
അതേസമയം, പരാമർശത്തിൽ മുസ്‍ലിം ലീഗ് നേതാവ് പി.എം.എ സലാമിനെ തള്ളി ലീഗ് നേതൃത്വം. രാഷ്ട്രീയവിമർശനങ്ങൾ ആകാമെങ്കിലും വ്യക്തിയധിക്ഷേപം പാടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ, രാഷ്ട്രീയപരമായ വിമർശങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്ക് പോകരുത്. എല്ലാവരും ഇക്കാര്യത്തിൽ സൂക്ഷ്മതവെച്ചുപുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‍ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സലാമിനെ തള്ളി. ലീഗിന് ഒരു രീതിയുണ്ടെന്നും അന്തസില്ലാത്ത വർത്തമാനങ്ങൾ പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പി.എം.എ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗ്. തെറ്റ് പറ്റിയാൽ തിരുത്തും. നാക്കുപിഴ ആർക്കും സംഭവിക്കാം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കും നാക്കുപിഴ സംഭവിക്കും. നാളെ എനിക്ക് വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു പി.എം.എ സലാമിന്റെ വിവാദ പരാമർശം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്ര ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിപ്പോൾ ഉള്ളതെന്നും അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നുമാണ് സലാം പറഞ്ഞു.
ഒരു പുരുഷൻ ആണെങ്കിൽ അതിനെ എങ്ങനെ എതിർക്കാൻ കഴിയുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും പതിനായിരം കോടി തന്നാലും ഈ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്ന് ഒരു വനിതയെന്ന നിലക്ക് പശ്ചിമ ബംഗാളിലെ മമത ബാനർജിയും തെളിയിച്ചു. മുഖ്യമന്ത്രി ഒരു ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് അതിൽ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാൻ വയ്യ.' പി.എം.എ സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

