മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമീഷന് പരാതി; വിദ്യാർഥികളെ ഉപയോഗിച്ച് കേബിളുകൾ നീക്കിയെന്ന്
text_fieldsമൂവാറ്റുപുഴ: വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ ടൗണിലെ കേബിളുകൾ നീക്കം ചെയ്തെന്ന് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ബാലാവകാശ കമീഷന് പരാതി. എൽ.ഡി.എഫ് നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്.
നഗര റോഡ് നവീകരണം നടക്കുന്ന മൂവാറ്റുപുഴയിലെ പൊട്ടിക്കിടന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കേബിളുകളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 12 വരെ നടന്ന പരിപാടിയിൽ നഗരത്തിലെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് ഇവ നീക്കം ചെയ്തത്.
കേബിളുകളും ഇലക്ട്രിക്-ടെലിഫോൺ പോസ്റ്റുകളുടെ അവശിഷ്ടങ്ങളും കനത്ത വെയിലത്ത് സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് നീക്കം ചെയ്തെന്നുകാട്ടി എം.എൽ.എക്ക് പുറമെ രണ്ട് കൗൺസിലർമാരെയും പ്രിൻസിപ്പൽമാരെയും പ്രതി ചേർത്ത് സംഭവം നടന്ന് മണിക്കൂറുകൾ കഴിയും മുമ്പെ സി.പി.എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, എ.വൈ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ എന്നിവരാണ് പരാതി നൽകിയത്.
നീക്കം ചെയ്ത കേബിളുകൾ റോഡിലെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുകയും ചെയ്തിരുന്നു. ഇത് മാറ്റണമെന്ന് എം.എൽ.എ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഇതേതുടർന്നാണ് ശനിയാഴ്ച എം.എൽ.എ മുൻകൈയെടുത്ത് വിദ്യാർഥികൾ അടക്കമുള്ളവരുടെ സഹായത്തോടെ നീക്കം ചെയ്തത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

