'ബി.ജെ.പി മന്ദിരത്തിൽ നിന്ന് ഇറങ്ങിവന്നവർ മർദിച്ചു, ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മൂക്കിൽ നിന്ന് രക്തം വന്നു'; നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദിച്ചതായി പരാതി
text_fieldsകണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെയും സുഹൃത്തുക്കളേയും ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചെന്ന് പരാതി. പയ്യന്നൂർ തൃച്ചംബരത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
തളിപ്പറമ്പിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് നാലംഗ സംഘത്തിന്റെ അക്രമം. ബി.ജെ.പി പ്രവർത്തകരാണ് മർദിച്ചതെന്ന് പ്ലസ്ടു വിദ്യാർഥിയായ യദു സായന്ത് പറഞ്ഞു. ഫ്ലക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞ് ചിന്മയ മിഷൻ സ്കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ബി.ജെ.പി മന്ദിരത്തിൽ നിന്ന് രണ്ടുപേരെത്തിയാണ് ആക്രമണം തുടങ്ങിയത്. പിന്നീട് കൂടുതൽ പേർ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന യദു മാധ്യമങ്ങളോട് പറഞ്ഞു. ഹെൽമറ്റ് കൊണ്ടടിച്ച് മൂക്കിൽ നിന്ന് രക്തം വന്നുവെന്നും യദു പറഞ്ഞു.
മകനെയും സുഹൃത്തുക്കളെ ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ സമൂഹമാധ്യമങ്ങളിലും കുറിച്ചു. അക്രമികളുടെ ചിത്രം എന്ന് കാണിച്ച് നാലുപേരുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
തന്റെ പേര് പറഞ്ഞും മകനെ മർദിച്ചെന്നാണ് സന്തോഷ് പറയുന്നത്. രാത്രി പത്തു മണിക്ക് മകൻ വിളിച്ചറിയിച്ചത് പ്രകാരം അവിടെ എത്തിയെങ്കിലും ആളുകൾ തന്നെ തടഞ്ഞതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
"എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാന്‍ പറ്റുന്നില്ല. ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓര്‍ക്കാന്‍ വയ്യ. പല സന്ദര്‍ഭങ്ങളിലും എന്നെക്കാള്‍ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ചാ എന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു. കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു. അല്ല പറക്കുകയായിരുന്നു.
സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ ജനകൂട്ടം. പേടിച്ച് വിറച്ച് കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളില്‍ വെച്ചാണ് 50-ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത കളക്ടര്‍ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോര്‍ഡിനേറ്റ് ചെയ്തത്. ആ സാംസ്‌കാരിക പരിപാടിയില്‍ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.
കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാമിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോന്‍ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നു. 17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ, നിങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

