അട്ടപ്പാടിയിൽ വീണ്ടും ഭൂമി കൈയേറ്റം; മുഖ്യമന്ത്രിക്ക് പരാതി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ നല്ലശിങ്കയിൽ ആദിവാസി ഭൂമി കൈയേറ്റം. തെൻറ മുത്തച്ഛനായ നഞ്ചെൻറ പേരിലുള്ള 3.80 ഏക്കർ കൈയേറിയതായി ചെല്ലമ്മ എന്ന ആദിവാസി സ്ത്രീയാണ് മുഖ്യമന്ത്രിക്കും പട്ടികവർഗ ഡയറക്ടർക്കും പരാതിനൽകിയത്. തൃശൂർ രാമപുരത്തുകാരി കാച്ചിറപ്പള്ളി ലിജിയാണ് ഭൂമിയുടെ ഇപ്പോഴത്തെ ഉടമ. വ്യാജരേഖയിൽ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ് ഇവരുടെ കൈയിലെത്തിയെന്നാണ് രേഖ വ്യക്തമാക്കുന്നത്.
കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1241/2ൽപെട്ട ഭൂമി നഞ്ചൻ കൈമാറ്റം നടത്തിയിട്ടില്ലെന്നാണ് ചെല്ലമ്മ പറയുന്നത്. ഈമാസം 15ന് ഷോളയൂർ സ്വദേശിയുടെ നേതൃത്വത്തിൽ ഒരുസംഘമെത്തി യന്ത്രമുപയോഗിച്ച് കാടുവെട്ടിയത് ആദിവാസികൾ തടഞ്ഞിരുന്നു. ഈ ഭൂമിയുടെ അവകാശമുന്നയിച്ച് മണ്ണാർക്കാട് കോടതിയിൽ 2016 ലിജി നൽകിയ കേസിൽ പറയുന്നത്, പിതാവ് മാത്യു 2015ൽ തൃശൂർ രജിസ്ട്രാർ ഓഫിസിൽ മുക്ത്യാർ എഴുതിനൽകിയ ഭൂമിയെന്നാണ്. ഇവർ ഹാജരാക്കിയ രേഖകളനുസരിച്ച് നഞ്ചെൻറ മകൻ പാപ്പനിൽനിന്ന് 1974ൽ അപ്പുസ്വാമി തീറാധാരം വാങ്ങി. പിന്നീട് പലരിലൂടെ മറിഞ്ഞാണ് ലിജിയുടെ കൈവശം വന്നത്. രേഖകളുടെ അസ്സൽ കൈമോശം വന്നതിനാൽ സർട്ടിഫൈ ചെയ്ത കോപ്പിയാണ് ലിജി ഹാജരാക്കിയിരിക്കുന്നത്. ആദിവാസികളുടെ കൈവശവും രേഖയുള്ളതിനാൽ ആർക്കാണ് ഉടമസ്ഥാവകാശമെന്നത് കോടതി തീരുമാനിക്കേണ്ട സ്ഥിതിയാണ്.
നേരത്തെ കാറ്റാടി കമ്പനി നല്ലശിങ്കിയിൽ ഭൂമി കൈയേറ്റം നടത്തിയതുപോലെ വ്യാജ ആധാരം ചമച്ചാണ് തട്ടിയെടുത്തത്. ഇതിനുസമീപം പാപ്പിക്കുണ്ടിൽ മാരിമുപ്പെൻറ ഭൂമിയും സമാനമായ നിലയിൽ കൈയേറിയിട്ടുണ്ട്. മൂപ്പനും പരാതിനൽകി കാത്തിരിക്കുകയാണ്. നല്ലശിങ്ക ഭൂ മാഫിയയുടെ സ്വാധീനമേഖലയാണ്.