ഹിജാബ് ധരിച്ച വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്താക്കിയെന്ന് പരാതി; സംഭവം പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്കൂളിൽ
text_fieldsപള്ളുരുത്തി (എറണാകുളം): സ്കൂളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചെത്തിയ വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്കൂളിലാണ് സംഭവം. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹന ഫാത്തിമയെ ക്ലാസില്‍ കയറ്റിയില്ലെന്നാണ് പരാതി.
ഈ വര്‍ഷമാണ് കുട്ടി സ്കൂളില്‍ പ്രവേശനം നേടിയത്. കുറച്ച് ദിവസങ്ങളായി സ്കൂളില്‍ മുസ്ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് നിർദേശിക്കുകയും ഈ കാരണത്താല്‍ മകളെ ഒരു മണിക്കൂറോളം ക്ലാസിന് പുറത്ത് നിര്‍ത്തുകയും മറ്റ് കുട്ടികളുടെ മുമ്പില്‍ പരിഹസിക്കുകയും ചെയ്തതായി വിദ്യഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിതാവ് പറയുന്നു. മാതാപിതാക്കള്‍ കഴിഞ്ഞ ബുധനാഴ്ച സ്കൂളില്‍ എത്തി പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോൾ സ്കൂളിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ലെങ്കിൽ ടി.സി വാങ്ങി പോകാമെന്നായിരുന്നു മറുപടിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, സ്കൂളിലെ യൂനിഫോം കോഡ് എല്ലാവര്‍ക്കും ബാധകമാണെന്നും ഇക്കാര്യം പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതാണെന്നും സ്കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപകരും അനധ്യാപകരും മാനസിക സമർദത്താല്‍ അവധിയെടുത്തതിനാല്‍ രണ്ട് ദിവസത്തേക്ക് സ്കൂളിന് അവധി നല്‍കിയെന്നും പൊലീസ് സംരക്ഷണം തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്കൂൾ അടച്ചിട്ടതിൽ വിമർശനവുമായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കൊച്ചിയിൽ ശിരോവസ്ത്ര അനുമതി വിലക്കിയത് സംബന്ധിച്ച തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ മാനേജ്മെന്റ് കൂടുതൽ പക്വതയോടെ പെരുമാറണമായിരുന്നു. കുട്ടികളെ പറഞ്ഞുവിടുന്നതും സ്കൂൾ പൂട്ടിയിടുന്നതും അംഗീകരിക്കാൻ കഴിയില്ല.
സ്കൂളുകളിൽ യൂനിഫോം മറക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂനിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ മാനേജ്മെന്റ് ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യണം. മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പരിശോധിക്കാൻ എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

