കഴകം ചെയ്യാൻ ഈഴവൻ വേണ്ട; ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് പരാതി
text_fieldsതൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് പരാതി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ യുവാവിനെ കഴകം തസ്തികയില്‍ നിന്ന് താത്കാലികമായി മാറ്റി.
ഈഴവൻ ആയത് കൊണ്ട് കഴകം ചെയ്യേണ്ട എന്ന് പറഞ്ഞ് ഇടപെട്ട് തന്ത്രി മാറ്റി നിർത്തിയെന്നാണ് ആക്ഷേപമുയരുന്നത്.
ദേവസ്വം ബോർഡ് വഴി കഴകത്തിനായി നിയമിച്ച ബാലു എന്ന യുവാവിനാണ് അപമാനം നേരിട്ടത്. ബാലുവിനെ തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്ന് ഓഫിസ് ജോലിയിലേക്ക് പരാതിയുണ്ട്. എന്നാൽ സ്ഥലം മാറ്റിയത് താൽകാലികമാണെന്നാണ് ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാറിന്റെ വിശദീകരണം. ഉത്സവം സുഗമമായി നടക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ഥലംമാറ്റത്തെ തുടർന്ന് ബാലു ഒരാഴ്ചത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടക്കുമ്പോൾ കഴകം ചെയ്യാൻ ഈഴവൻ വേണ്ടെന്നായിരുന്നു തന്ത്രിമാരുടെയും വാര്യ സമാജത്തിന്റെയും നിലപാട്. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തിൽ നിന്നുള്ളയാളെ കഴകം ജോലിക്ക് നിയോഗിച്ചതാണ് തന്ത്രിമാരെയും വാര്യർ സമാജത്തെയും പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിധി വരുന്നത് വരെ കഴകം ജോലിയിൽ നിന്ന് ബാലുവിനെ മാറ്റാനാണ് തീരുമാനമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

