സർവീസിൽ നിന്ന് പുറത്താക്കണം; ശ്രീറാം വെങ്കിട്ടരാമനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി
text_fieldsകോഴിക്കോട്: അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകി. പാതിരാത്രിയിൽ അന്യ യുവതിയുമൊത്ത് മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് പത്രപ്രവർത്തകനായ ബഷീറിനെ കൊലപ്പെടുത്തിയിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസിൽ നിന്നു രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.
ഭാവിയിൽ ജില്ലാ മജിസ്ട്രേറ്റിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ അദ്ദേഹം യോഗ്യനല്ല.
സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയിൽ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നും പറയുന്നു. എന്നാൽ ശ്രീറാം ഡി.പി.സിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങൾ ലംഘിച്ച് ആരോഗ്യ വകുപ്പിൽ ജോയൻറ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. താൽക്കാലിക പ്രമോഷൻ പോലും പൊതുജന താൽപര്യം, കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സർക്കാർ ഉത്തരവുകളും ഡി.പി.സി കാറ്റിൽ പറത്തി. ഇത് നിയമ വിരുദ്ധമാണ്. സർക്കാർ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

