എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന് പരാതി നൽകിയ യുവതി സ്റ്റേഷനിൽ ഹാജരായി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവും എം.എൽ.എയുമായ എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന് പരാതി നൽകിയ യുവതി സ്റ്റേഷനിൽ ഹാജരായി. പരാതി പിൻവലിക്കാൻ സമ്മർദം തുടരുന്നെന്ന ആക്ഷേപത്തിനിടെയാണ് അധ്യാപികയായ യുവതി കോവളം പൊലീസ് സ്റ്റേഷനിലെത്തിയത്. മൊഴി രേഖപ്പെടുത്താൻ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും യുവതി എത്തിയിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം.
വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച യുവതി സ്റ്റേഷനിലെത്തിയത്. ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഒരുമാസം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് ഇ-മെയില്‍ വഴിയാണ് യുവതി പരാതി നൽകിയത്. കോവളം സൂയിസൈഡ് പോയന്റിനടുത്ത് കാറിലിരുന്ന് സംസാരിക്കവെ എം.എൽ.എയുമായി തര്‍ക്കമുണ്ടാവുകയും മർദിക്കുകയുമായിരുന്നെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

