കൊച്ചി: കോൺഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർക്ക് പരാതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നൽകിയത്. നടൻ ജോജു ജോർജ് ദേശീയപാതയിൽ ഇറങ്ങി നടന്നപ്പോൾ മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി.
ഇത്തരത്തിൽ ആളുകളുമായി ഇടപഴകുകയും സംസാരിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ഷാജഹാൻ പരാതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് നടപടി കൈക്കൊള്ളാത്തത് ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.