പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭർത്താവിന്റെ മർദനം; പരാതിയില്ലെന്ന് യുവതി
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദനം. എന്നാൽ, തനിക്ക് പരാതിയില്ലെന്നും നാട്ടിലേക്ക് പോയാൽ മതിയെന്നുമാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭർത്താവ് രാഹുൽ പി.ഗോപാൽ കരുതൽ തടങ്കലിലാണ്. അതേസമയം, നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.ഈയിടെയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും ആദ്യം പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

