‘സർവിസിലുള്ള ഐ.പി.എസുകാരനോടാണ് ഞാൻ പോരാടിയത്, വിധിയിൽ സന്തോഷം’ -തച്ചങ്കരിക്കെതിരെ പരാതി നൽകിയ ബോബി കുരുവിള
text_fieldsകോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ വിജിലൻസ് കോടതി ശിക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരൻ ബോബി കുരുവിള. സർവിസിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനോടാണ് പോരാടിയതെന്നും അഴിമതിക്കെതിരായ കോടതി വിധി ജനങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്നും ബോബി കുരുവിള മാധ്യമങ്ങളോട് പറഞ്ഞു.
34 വർഷത്തോളം നിയമപോരാട്ടം നടത്തി. 2003 മുതൽ 2007 വരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തിയത്. 2007 മുതൽ സർവിസിൽനിന്ന് വിരമിക്കും വരെയുള്ള ശേഷിക്കുന്ന കാലയളവിലെ സ്വത്ത് സമ്പാദനവും അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിന് വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടക്കാനുമാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷ വിധിച്ചത്. അഴിമതി കേസിൽ ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. കോടതി വിധിയെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. ഹൈകോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസ സമയപരിധി അനുവദിച്ചിട്ടുണ്ട്.
തച്ചങ്കരിക്ക് വരുമാന സ്രോതസ്സുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുള്ളതായി കണ്ടെത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. ബോബി കുരുവിളയുടെ പരാതിയിലായിരുന്നു അന്വേഷണം. വെളിപ്പെടുത്തിയ വരുമാനമാർഗങ്ങളേക്കാൾ 135 ശതമാനം കൂടുതലായിരുന്നു ഇത്. അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ തച്ചങ്കരിക്ക് സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
തച്ചങ്കരിക്ക് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2023 ജൂലൈ 31നാണ് അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്. ഭൂമി വാങ്ങിയപ്പോൾ മതിയായ സ്റ്റാമ്പ് ഡ്യൂട്ടി അടക്കാതെ സർക്കാറിന് നഷ്ടം വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം കോടതിയിലേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹരജി ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും കാണിച്ച് തച്ചങ്കരി സമർപ്പിച്ച ഹരജി വിജിലൻസ് കോടതിയും തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.
ഗുരുതര കുറ്റമാണ് തച്ചങ്കരി ചെയ്തതെന്നും തുടർ നടപടികൾ വിജിലൻസ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മുൻ ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറിയടക്കം 96 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി അടക്കം 23 പേരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

