'നഷ്ടപരിഹാര തുക തികച്ചും അപര്യാപ്തം; സർക്കാർ ഇടപെടൽ കർക്കശമാകണം'-കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
text_fieldsകൊച്ചി: കപ്പൽ അപകടത്തെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. അപകടത്തെയും അത് മൂലമുണ്ടാകുന്ന നഷ്ടത്തെയും ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്ജ് പ്രസ്താവനയിൽ ആരോപിച്ചു.
'ഈ മാലിന്യങ്ങൾ ശേഖരിക്കുന്ന തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഉപകരണങ്ങളോ ചുരുങ്ങിയത് ഗ്ലൗസ് എങ്കിലും നൽകാനോ തയാറായിട്ടുമില്ല. മാലിന്യ നിർമാർജനം എത്രമാത്രം ഗൗരവമേറിയ ഒന്നാണെന്ന് പോലും ഇപ്പോഴും വ്യക്തമായിട്ടില്ല. മാത്രമല്ല കടപ്പുറത്തെ കരിങ്കൽ പാളികൾക്കുള്ളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ എങ്ങനെ നീക്കം ചെയ്യുമെന്നതും വ്യക്തമല്ല' -പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണരൂപം
കേരളത്തിലെ 78498 കുടുംബങ്ങൾക്കും അനുബന്ധ മേഖലയിലെ 27020 കുടുംബങ്ങൾക്കും 1000 രൂപ വീതം നൽകാൻ കേരള ഗവൺമെൻറ് തീരുമാനിച്ചിരിക്കുകയാണ് പത്തരക്കോടി രൂപയാണ് ഇങ്ങനെ ചെലവാക്കുക. ഈ അപകടത്തെയും അത് മൂലമുണ്ടാകുന്ന നഷ്ടത്തെയും ലഘൂകരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. യഥാർഥത്തിൽ വികസിത രാജ്യങ്ങളിൽ ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾക്ക് കപ്പലിന്റെ വിലയെക്കാൾ മൂന്നിരട്ടി തുക വരെ നഷ്ടപരിഹാരം കൊടുക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇതിനുവേണ്ടി നിയോഗിച്ച കമ്മിറ്റി ഇതുവരെയും കമ്പനിയുമായി ചർച്ച ചെയ്തോ ഇല്ലയോ എന്നതിനെക്കുറിച്ച് ഞങ്ങൾക്കറിയില്ല. നിയമവിരുദ്ധമായി കപ്പലോടിച്ച ക്യാപ്റ്റനെ അറസ്റ്റുചെയ്യാനോ, എന്തിന് ഒരു കേസെങ്കിലും എടുക്കാനോ സർക്കാർ തയ്യാറായിട്ടില്ല
ഏറ്റവും ഒടുവിൽ ഈ കമ്പനി തന്നെ കേരള സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിലെ കടപ്പുറങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് നർഡിൽസ് നീക്കം ചെയ്യുന്നതിന് മൂന്നു വ്യക്തികൾക്ക് സബ് കോൺട്രാക്ട് കൊടുത്തതായി അറിയുന്നു അവർ ആയിരം രൂപ വീതം മത്സ്യത്തൊഴിലാളികൾക്ക് നൽകിക്കൊണ്ട് മാലിന്യംനീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട് ഒരു വിദേശകമ്പനി നേരിട്ടു പ്രവർത്തനം തുടങ്ങിയിരിക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് സംസ്ഥാന സർക്കാറുമായോ തൊഴിലാളി സംഘടനകളും ആയോ ചർച്ച ചെയ്യാതെയാണ് ഇത് നടപ്പാക്കുന്നത് എന്നത് ഗൗരവമുള്ള ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്.
ഈ മാലിന്യങ്ങൾ ശേഖരിക്കുന്ന തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഉപകരണങ്ങളോ ചുരുങ്ങിയത് ഗ്ലൗസ് എങ്കിലും നൽകാനോ അവർ തയ്യാറായിട്ടുമില്ല. മാലിന്യ നിർമാർജനം എത്രമാത്രം ഗൗരവമേറിയ ഒന്നാണെന്ന് പോലും ഇപ്പോഴും വ്യക്തമായിട്ടില്ല. മാത്രമല്ല കടപ്പുറത്തെ കരിങ്കൽ പാളികൾക്കുള്ളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ എങ്ങനെ നീക്കം ചെയ്യുമെന്നതും വ്യക്തമല്ല
2021-ൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന് അടുത്ത് 18 കിലോമീറ്ററിന് ഉള്ളിൽ എക്സ്പ്രസ്സ് പേൾ എന്ന കപ്പൽ മുങ്ങുകയും അതിലെ 1600 ടൺ പ്ലാസ്റ്റിക് പെല്ലറ്റുകളുടെ മാലിന്യങ്ങൾ കടലിൽ മുങ്ങുകയും ഉണ്ടായി. അതേ തുടർന്ന് അവിടെ അറുന്നൂറോളം കടലാമകൾക്ക് വിനാശം സംഭവിക്കുകയുണ്ടായി. മത്സ്യങ്ങളുടെ ചെകിളയിലും വയറിലും പ്ലാസ്റ്റിക് നർ ഡിൽ സ് കണ്ടെത്തിയിട്ടുമുണ്ട്. ഇത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും, പാരിസ്ഥിതിക പ്രത്യാഘാതത്തെ സംബന്ധിച്ചും പരിശോധിക്കാൻ ആരോഗ്യ വിദഗ്ധരുംപരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന ഒരു വിദഗ്ധ സമിതി അടിയന്തരമായി രൂപീകരിക്കണം. മത്സ്യമേഖലയെ വിശ്വാസത്തിൽ എടുത്തുകൊണ്ടും കേരളത്തിലെ നിയമവാഴ്ചയെ ഉറപ്പാക്കിക്കൊണ്ടു മുള്ള നടപടികളാണ് ഞങ്ങൾ സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

