നഷ്ടപരിഹാരം: കപ്പൽ ഉടമകളുമായുള്ള ചർച്ചകൾ മാറ്റിവെക്കണം; സർക്കാറുമായി ഉണ്ടാക്കിയ കരാർ കമ്പനി പാലിക്കുമോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള തീരത്ത് മുങ്ങിയ ‘എം.എസ്.സി എൽസ-3’ കപ്പലിന്റെ ഉടമകളുമായി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നടക്കുന്ന ചർച്ചകൾ താൽകാലികമായി മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഹൈകോടതി. നഷ്ടപരിഹാരത്തിനായി അഡ്മിറാലിറ്റി സ്യൂട്ട് നൽകുമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾക്കായി ദുരന്തനിവാരണ വകുപ്പ്, സമിതിയെ നിയമിച്ചെന്നാണ് സർക്കാർ അറിയിച്ചത്. പരിസ്ഥിതി സ്പെഷൽ സെക്രട്ടറിയെ ആഘാതം വിലയിരുത്തൽ ഓഫിസറായി നിയമിച്ചതായും അറിയിച്ചു.
എന്നാൽ, കോടതിയുടെ നിയമാധികാരം അടക്കം ഇക്കാര്യത്തിൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് പറയുന്ന സർക്കാർ, കപ്പൽ കമ്പനിയുമായി നഷ്ടപരിഹാരത്തിന് ചർച്ച നടത്തുന്നതെന്തിനാണെന്നും ഒത്തുതീർപ്പ് ചർച്ചക്ക് സുതാര്യതയുണ്ടാകുമോയെന്നും സാധുതയുള്ള ഒത്തുതീർപ്പുണ്ടാകുമോയെന്നും കോടതി ചോദിച്ചു.
നഷ്ടപരിഹാരത്തിന് ചർച്ചകൾവഴി ഒത്തുതീർപ്പാക്കാനാവുമോയെന്നാണ് ശ്രമിക്കുന്നതെന്ന് എ.ജി അറിയിച്ചു. എന്നാൽ, കോടതിക്കുള്ളിലും ഒത്തുതീർപ്പുണ്ടാക്കാമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചർച്ചയിൽ സുതാര്യത അനിവാര്യമാണ്. വിഷയത്തിൽ യു.എസിലാണ് നിയമാധികാരമെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാറുമായി ഉണ്ടാക്കിയ കരാർ കമ്പനി പാലിക്കുമോ. കോടതിയെ സമീപിച്ച് ചർച്ച നടത്താത്തപക്ഷം സുതാര്യതയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
കപ്പലപകടത്തെത്തുടർന്ന് തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികളടക്കമുള്ളവർക്ക് നഷ്ടപരിഹാരം തേടി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ഉമ്മർ ഒട്ടുമ്മലും നൽകിയ പൊതുതാൽപര്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയോഗിച്ചിരുന്നു. സർക്കാറിന്റെ വിശദീകരണത്തിനായി ഹരജികൾ ജൂലൈ രണ്ടിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

