വളം വേണോ? ഇതും വാങ്ങണം
text_fieldsകൊച്ചി: കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന രാസവളങ്ങൾക്കൊപ്പം ഇതര ഉൽപന്നങ്ങൾ കെട്ടിയേൽപിച്ച് കമ്പനികൾ. കൃഷിയിടത്തിലേക്ക് ആവശ്യമില്ലെങ്കിലും അമിതവില നൽകി ഇവ വാങ്ങാൻ നിർബന്ധിതരാകുകയാണ് കർഷകർ. അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽപ്പെടുന്ന രാസവളങ്ങളോടൊപ്പം മറ്റൊരു ഉൽപന്നവും ടാഗ് ചെയ്ത് വിൽക്കരുതെന്ന കേന്ദ്രനിർദേശം നിലനിൽക്കെയാണ് കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നത്.
യൂറിയ, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, വിവിധ കോംപ്ലക്സ് വളങ്ങൾ, ഡൈ അമോണിയം ഫോസ്ഫേറ്റ് തുടങ്ങിയ വളങ്ങളാണ് പ്രധാനമായും കേന്ദ്ര സർക്കാർ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. കേരളത്തിൽ പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം ടൺ രാസവളം വിൽക്കുന്നതായാണ് കണക്ക്.
ഉൽപാദനവും ഇറക്കുമതിയും നടത്തുന്ന കമ്പനികൾ കേരളത്തിലെത്തിക്കുന്ന രാസവളങ്ങൾക്കൊപ്പം കർഷകർക്ക് ആവശ്യമില്ലാത്ത വിവിധ ഉൽപന്നങ്ങൾ ഉയർന്ന വില ഈടാക്കി അടിച്ചേൽപിക്കുകയാണ്. ഇതുമൂലം സബ്സിഡി വളങ്ങൾ മാത്രമായി വാങ്ങാൻ കഴിയാത്ത ഗതികേടിലാണ് കർഷകർ. കൃത്യമായ പരിശോധനകളും നടപടികളും ഉള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരമൊരു ചൂഷണമില്ല. ഫാക്ടിന് പുറമെ ഇഫ്‌കോ, മൊസൈക് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, സ്പിക് ലിമിറ്റഡ്, ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്സ്, മദ്രാസ് ഫെർട്ടിലൈസേഴ്സ്, മംഗളൂർ കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് രാസവളങ്ങൾ എത്തിക്കുന്നത്.
മൊസൈക് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള മ്യൂറൈറ്റ് ഓഫ് പൊട്ടാഷ് എന്ന വളത്തോടൊപ്പം ലിറ്ററിന് 1700 രൂപ വിലവരുന്ന ഫോസ്ഫേറ്റ് സോല്യൂബിലൈസിങ് ബാക്ടീരിയ എന്ന ദ്രവരൂപത്തിലുള്ള ഉൽപന്നമാണ് കർഷകരെക്കൊണ്ട് വാങ്ങിപ്പിച്ചത്. എന്നാൽ, ലിറ്ററിന് 200 രൂപ പരമാവധി ചില്ലറ വിൽപനവില നിശ്ചയിച്ച് ഇഫ്‌കോ ഇത് വിതരണം ചെയ്യുന്നുണ്ട്.
സ്പിക് കമ്പനി കേരളത്തിലേക്ക് കൊണ്ടുവരുന്ന യൂറിയയോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ഷെറാമീൽ, റോക്ക് ഫോസ്‌ഫേറ്റ്, അമോണിയം ഫോസ്ഫേറ്റ്, സൾഫേറ്റ് എന്നിവ വാങ്ങാൻ വ്യാപാരികളെയും കർഷകരെയും നിർബന്ധിക്കുന്നു. ഇവയിൽ പലതും മതിയായ ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രാസവള ഉൽപാദന സ്ഥാപനവും കർഷകരുടെ ഉടമസ്ഥതയുള്ള സഹകരണ പ്രസ്ഥാനവുമാണ് ഇഫ്കോ. കമ്പനി കേരളത്തിലെത്തിക്കുന്ന യൂറിയയോടൊപ്പം ആവശ്യമില്ലെങ്കിലും നാനോ യൂറിയ, നാനോ ഡി.എ.പി എന്നിവ വാങ്ങാൻ കർഷകർ നിർബന്ധിതരാകുന്നു.
രാസവളങ്ങളുടെ ലഭ്യത, വിതരണം, ഗുണനിലവാരം, വിലനിലവാരം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനും നടപടിയെടുക്കാനും അധികാരമുള്ള സംസ്ഥാന കൃഷി വകുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

