ഹിന്ദുരാഷ്ട്ര നിർമിതിയെ ചെറുക്കാൻ സമുദായങ്ങൾ ശക്തിപ്പെടണം -ഡോ. മോഹൻ ഗോപാൽ
text_fieldsമെക്ക സംവരണ സമുദായ മുന്നണിയും ഓള് ഇന്ത്യ ബാക്ക് വേര്‍ഡ് ക്ലാസസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ ഡോ. മോഹന്‍ ഗോപാല്‍ സംസാരിക്കുന്നു
കോഴിക്കോട്: 2047 ആകുമ്പോഴേക്കും ഇന്ത്യ ഒരു ചാതുർവർണ്യ റിപ്പബ്ലിക് ആക്കി മാറ്റാനാണ് ഹിന്ദുത്വശക്തികൾ ലക്ഷ്യമിടുന്നതെന്ന് ഭരണഘടനാവിദഗ്ധൻ ഡോ. മോഹൻ ഗോപാൽ. മെക്ക സംവരണ സമുദായ മുന്നണിയും ഓള് ഇന്ത്യ ബാക്ക് വേര്‍ഡ് ക്ലാസസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഭരണഘടന സാമൂഹിക നീതി, പ്രാതിനിധ്യം’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന മതേതര-ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ് അപകടത്തിലാണ്. ഇന്ത്യൻ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ നാം പോരാടണം. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളെ നശിപ്പിക്കാൻ കഴിയാത്തതിനാൽ അതിനെ അവമതിക്കുകയായിരിക്കും ഹിന്ദുത്വശക്തികൾ ചെയ്യുക. എന്നാൽ, ഇന്ത്യയിലെ മറ്റനേകം വൈവിധ്യമുള്ള ചെറിയമതങ്ങളെ, ജാതികളെ വിശ്വാസങ്ങളെയും അതിന്റെ സവിശേഷതകളെയും നശിപ്പിച്ച് ബ്രാഹ്മണവത്കരിക്കാനാണ് ശ്രമിക്കുന്നത്.
അവരവരുടെ വിശ്വാസങ്ങളും വൈവിധ്യങ്ങളും ഉള്ള ജനതയെ സംഘടിപ്പിച്ച് അവരെ ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിലേക്ക് അഥവാ ചാതുർവർണ്യത്തിലേക്ക് മതം മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കണമെങ്കിൽ രാജ്യത്ത് എല്ലാ മതങ്ങളും ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങൾ തമ്മിലുള്ള ശക്തിയിൽ തുല്യത വേണം. അതാണ് രാജ്യത്തിന്റെ സുസ്ഥിരതക്ക് അഭികാമ്യം.
ഇന്ത്യയെ രക്ഷിക്കാൻ ഒരു മാർഗമേയുള്ളൂവെന്നും അത് എല്ലാ സമുദായങ്ങളും ശക്തിപ്പെടുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. പി.എം.എ. സലാം, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, കുട്ടി അഹമ്മദ് കുട്ടി, മുസ്തഫ മുണ്ടുപാറ, ശിഹാബ് പൂക്കോട്ടൂർ, ഡോ. ഹുസൈൻ മടവൂർ, ഹമീദ് വാണിയമ്പലം, വി.ആർ. ജോഷി, എസ്. കുട്ടപ്പൻ ചെട്ടിയാർ, അഡ്വ. പയ്യന്നൂർ ഷാജി, ജഗതി രാജൻ, ബിനു എഡ്വേഡ്, എൻ.കെ. അലി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

