വഖഫിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു - കെ.സി. വേണുഗോപാൽ
text_fieldsകോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. ടി. സിദ്ദീഖ് എം.എൽ.എ സമീപം ഫോട്ടോ: ബിമൽ തമ്പി
കോഴിക്കോട്: വഖഫിന്റെ പേരിൽ മോദി സർക്കാർ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ. കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫിസ് കെട്ടിടമായ ലീഡർ കെ. കരുണാകരൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഓരോ നിയമനിർമാണവും ഓരോ സമുദായങ്ങളെ ലക്ഷ്യംവെച്ചുള്ളതാണ്. കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ വൈരാഗ്യം ആളിക്കത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ചോ അവ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചോ ഒരു ചർച്ചയുമില്ല. മുസ്ലിം സമുദായത്തിൽപെടാത്ത ഒരു വ്യക്തി വഖഫ് ബോർഡിൽ ഉണ്ടാകണമെന്ന വ്യവസ്ഥ വിശ്വാസത്തിൽ കൈക്കടത്തലല്ലേയെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ പിൻവാതിലിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഗവർണർമാരെ വെച്ച് രാഷ്ട്രീയം കളിക്കുന്നവർക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജന. സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം.പി, മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.കെ. രാഘവന് എം.പി, എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്, പി.വി. മോഹനന്, വിശ്വനാഥ് പെരുമാള്‍, റോജി എം. ജോണ്‍ എം.എല്‍.എ, എം. ലിജു, എ.പി. അനില്‍കുമാര്‍ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, ഷാഫി പറമ്പില്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

