കമ്പ്യൂട്ടറിനെ എതിർത്ത കമ്യൂണിസ്റ്റുകൾ ഒടുവിൽ ശരിയായ കാര്യം ചെയ്തു; പക്ഷേ തീരുമാനമെടുക്കാൻ 20 വർഷം വൈകി, പരിഹിച്ച് തരൂർ
text_fieldsന്യൂഡൽഹി: സി.പി.എമ്മിനേയും സംസ്ഥാന സർക്കാറിനേയും വിമർശിച്ച് ശശി തരൂർ എം.പി. സ്വകാര്യ സർവകലാശാല ബില്ലിലാണ് ശശി തരൂരിന്റെ പ്രതികരണം. സ്വകാര്യ സർവകലാശാല ബിൽ കൊണ്ടുവന്ന സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ച തരൂർ പിന്നീട് രൂക്ഷമായ വിമർശനം ഉന്നയിക്കുകയായിരുന്നു.
എൽ.ഡി.എഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുന്നു. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകിയിരിക്കുന്നു. 20 വർഷം വൈകിയാണ് അതുണ്ടാവുക എന്ന് മാത്രം. 19ാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രവുമായി നടക്കുന്നവർ ഇങ്ങനെ തന്നെയാവും ചെയ്യുക.
കമ്പ്യൂട്ടർ വന്നപ്പോൾ സർക്കാർ ഓഫീസുകളിൽ കയറി അത് തല്ലിത്തകർത്തവരാണ് കമ്യൂണിസ്റ്റുകൾ. മൊബൈൽ ഫോൺ വന്നപ്പോഴും ഇതേ പ്രതികരണമായിരുന്നു. മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് കമ്യൂണിസ്റ്റുകൾക്ക് മനസിലാവാൻ സമയമെടുക്കും. 22ാം നൂറ്റാണ്ടിലായിരിക്കും അവർ 21ാം നൂറ്റാണ്ടിലേക്ക് കടക്കുകയെന്നും ശശി തരൂർ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
ഫീസ് നിർണയത്തിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാർ നിയന്ത്രണമില്ലാതെ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പിന്നാക്ക, ന്യൂനപക്ഷങ്ങൾക്കും സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കും ഫീസിളവ്, ഫീസ് നിയന്ത്രണ സംവിധാനം, വിശ്വാസ്യത തെളിയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന തുടങ്ങി പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയാണ് ബില്ല് പാസാക്കിയത്. സഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അംഗീകാരമായാൽ നിയമമാകും. ഗവർണറുടെ അംഗീകാരം ലഭിക്കുമോ എന്നതും നിർണായകമാണ്. നിയമത്തിന് ആവശ്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന നടപടികൾക്ക് തുടക്കം കുറിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

